നൃത്തം ചെയ്തു കിട്ടിയ വരുമാനം കൊണ്ടു ചേച്ചിയെ പഠിപ്പിച്ചു; ഗോപികയുടെ ചിലങ്കയിൽ ജീവിതം കിലുങ്ങുന്നു
Mail This Article
തിരുവനന്തപുരം ∙ നൃത്തം ചെയ്തു കിട്ടിയ വരുമാനം കൊണ്ടു ചേച്ചിയെ ബിരുദാനന്തര ബിരുദത്തിനു പഠിപ്പിച്ച ഗോപികയ്ക്കു കലോത്സവ വേദിയിൽ എ ഗ്രേഡ്. പ്ലസ് ടു വിദ്യാർഥിനി ഗോപികയ്ക്കു നൃത്തം ജീവനും ജീവിതവുമാണ്. ചേച്ചിയുടെ പഠനവും അച്ഛന്റെ ചികിത്സയും തുടങ്ങി കുടുംബത്തിന്റെ ചെലവു മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി കൂടിയാണ് ഗോപിക ചിലങ്ക അണിയുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിലാണ് അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ ഗോപിക ജി.നായർ പങ്കെടുത്തത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം ചേച്ചി ഗൗരിയുടെ പിജി ക്ലിനിക്കൽ സൈക്കോളജി പഠനം മുടങ്ങുമെന്ന അവസ്ഥയായപ്പോൾ ഗോപിക നൃത്തം ചെയ്തു കിട്ടുന്ന തുകയാണു പഠനം മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചത്.
അമ്പലപ്പുഴ കോമന സരിതാസദനത്തിൽ സരിതയുടെയും ഗോപകുമാറിന്റെയും മകളാണു ഗോപിക. കോവിഡ് കാലത്തു ഗൾഫിലെ ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിയ ഗോപകുമാറിനു പിന്നീടു സ്ഥിരജോലി ലഭിച്ചില്ല. കഴിഞ്ഞ നവംബറിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഗോപകുമാർ ഇപ്പോൾ വിശ്രമത്തിലാണ്. ഗൗരി 2017, 18 വർഷങ്ങളിലെ കലോത്സവത്തിൽ നൃത്തഇനങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു. ആർഎൽവി ഓംകാറാണു ഫീസ് വാങ്ങാതെ സഹോദരിമാരെ നൃത്തം പഠിപ്പിക്കുന്നത്.