ദേശീയപാത നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം കലർന്ന മണ്ണ് നിരത്തി; എംഎൽഎ ഇടപെട്ട് നീക്കം ചെയ്തു
Mail This Article
പുന്നപ്ര ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കലർന്ന മണ്ണ് നിരത്തിയത് എച്ച്.സലാം എംഎൽഎ ഇടപെട്ട് നീക്കം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ പബ്ലിക് ലൈബ്രറിക്ക് വടക്കു ഭാഗത്താണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ മണ്ണ് എത്തിച്ച് നിരത്തിയത്. കീറിയതും ഉപേക്ഷിച്ചതുമായ പ്ലാസ്റ്റിക് കിറ്റുകൾ, ചാക്കുകൾ, കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ നിറഞ്ഞ മണലാണ് ഇവിടെ നിരത്താനായി എത്തിച്ചത്.
പ്ലാസ്റ്റിക് രഹിത മണൽ എത്തിച്ച് നിർമാണം നടത്തണമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതി ഡയറക്ടർക്ക് എച്ച്. സലാം നിർദേശം നൽകി. തീരുമാനം വൈകിയാൽ നിർമാണം തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് ഈ ഭാഗത്ത് ഇറക്കി നിരത്തിയ മാലിന്യം നിറഞ്ഞ മുഴുവൻ മണ്ണും നീക്കം ചെയ്തു. പകരം പുതിയ മണ്ണ് എത്തിച്ച് നിരത്തി.