പേട്ടതുള്ളൽ നാളെ അമ്പലപ്പുഴ സംഘം ഇന്ന് എരുമേലിയിൽ എത്തും

Mail This Article
അമ്പലപ്പുഴ ∙ ഐതിഹ്യപ്പെരുമ പേറുന്ന എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ യോഗം പേട്ട സംഘം ഇന്ന് 10ന് എരുമേലിയിൽ എത്തും. നാളെയാണ് പേട്ടതുള്ളൽ. ഇന്നു വൈകിട്ട് എരുമേലി വാവരുപള്ളിയിൽ സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ മതസൗഹാർദ സമ്മേളനം നടക്കും. നാളെ രാവിലെ പേട്ടപ്പണം വയ്ക്കൽ ചടങ്ങോടെ പേട്ടകെട്ടിനു തുടക്കമാകും. ചായംപൂശി പച്ചിലത്തൂപ്പുകളും ശരക്കോലും കയ്യിലേന്തിയാണ് പേട്ട തുള്ളുന്നത്. ആകാശത്ത് വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ തിടമ്പു പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ടതുള്ളൽ തുടങ്ങും.
പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ (കൊച്ചമ്പലം) നിന്ന് ഇറങ്ങുന്ന പേട്ടതുള്ളൽ നേരെ വാവരുപള്ളിയിൽ പ്രവേശിക്കും. കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. വാവർ പ്രതിനിധി പേട്ട സംഘത്തോടൊപ്പം എരുമേലി ധർമശാസ്താ ക്ഷേത്രത്തിലേക്ക് (വലിയമ്പലം) നീങ്ങും. ക്ഷേത്രത്തിലെത്തുന്ന വാവർ പ്രതിനിധിയെ സമൂഹ പെരിയോന് ഒപ്പം ആചാരപരമായി സ്വീകരിക്കും. ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാകുന്നതോടെ പേട്ടതുള്ളലിനു സമാപനമാകും. രാത്രി ആഴിപൂജയും നടക്കും.
പിന്നീട് പരമ്പരാഗത പാതയിലൂടെ സംഘം പമ്പയിലേക്ക് നീങ്ങും. 13ന് പമ്പാസദ്യയും പമ്പ വിളക്കും നടത്തി സംഘം മലകയറും. മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യഭിഷേകവും അത്താഴ പൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും. മകരവിളക്ക് ദർശനത്തിനുശേഷം കർപ്പൂരാഴി പൂജയും ഉണ്ടാകും. 15ന് മാളികപ്പുറത്ത് മണിമണ്ഡപത്തിൽ നിന്നു പതിനെട്ടാം പടിയിലേക്ക് സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരുവാഭരണം ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിച്ചു സംഘം മലയിറങ്ങും. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജിതിൻ രാജ്, ട്രഷറർ ബിജു സാരംഗി, രഥയാത്ര കൺവീനർ ആർ മധു വേലംപറമ്പ് എന്നിവർ നേതൃത്വം നൽകും.