കലോത്സവത്തിലെ മാന്നാർപ്പെരുമ; ഒന്നാം സ്ഥാനം നേടുന്നത് നാലാം വട്ടം
Mail This Article
മാന്നാർ ∙ കലയുടെ സുവർണകിരീടം വെങ്കല നാട്ടിലേക്ക് എത്തിച്ച മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിന് ഇന്നലെ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ദിവസമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഒന്നാം സ്ഥാനം നേടിയതിന്റെ അഭിമാനത്തോടെ വിദ്യാർഥികളും അധ്യാപകരും ട്രോഫികൾ ഉയർത്തി ആനന്ദനൃത്തം ചവിട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലാം തവണയാണ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തുന്നത്. വ്യക്തിഗത ഇനങ്ങളായ കഥകളി, കുച്ചിപ്പുഡി, മോണോ ആക്ട്, ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം, കഥകളി സംഗീതം, കവിതാ രചന, ഹിന്ദി, മലയാളം കവിതാ രചന, ഗ്രൂപ്പ് ഇനങ്ങളായ മൂകാഭിനയം, സ്കിറ്റ്, കഥകളി, കൂടിയാട്ടം, പൂരക്കളി, വഞ്ചിപ്പാട്ട്, തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, മംഗലംകളി, ഇരുളനൃത്തം, പണിയനൃത്തം എന്നിവയിൽ എ ഗ്രേഡ് നേടിയാണ് കലാകിരീടം സ്വന്തമാക്കിയത്.
വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ കലാമണ്ഡപം എന്ന പേരിൽ അക്കാദമി പ്രവർത്തിക്കുന്നുണ്ട്. മികച്ച പരിശീലകരുടെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകരും രക്ഷാകർത്താക്കളും കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി ചിട്ടയായ പരിശീലനം നൽകിയാണ് നേട്ടം കൈവരിച്ചത്. സ്കൂൾ, കോളജ് കലോത്സവങ്ങളിലെ പഴയ താരങ്ങളായ അധ്യാപകരുടെ പിന്തുണയും വിദ്യാർഥികളുടെ നേട്ടങ്ങൾക്കു പിന്നിലുണ്ട്. പ്രിൻസിപ്പൽ വി. മനോജിന്റെ നേതൃത്വത്തിലുള്ള ടീമാണ് കലോത്സവത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2 പതിറ്റാണ്ടായി ആലപ്പുഴ ജില്ലയിൽ പ്ലസ് ടുവിന് ഏറ്റവും കൂടുതൽ എപ്ലസ് നേടുന്നതും മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂളാണ്.
അഭിമാനത്തോടെ ആലപ്പുഴ
ആലപ്പുഴ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആകെയുള്ള 249 മത്സര ഇനങ്ങളിൽ 248 എണ്ണത്തിലും മത്സരാർഥികളെ പങ്കെടുപ്പിക്കാനായെന്ന അഭിമാനത്തിലാണ് ആലപ്പുഴ ജില്ല. ഹയർസെക്കൻഡറി വിഭാഗം കഥകളി സിംഗിളിൽ (ബോയ്സ്) മാത്രമാണു ജില്ലയ്ക്കു വേണ്ടി മത്സരിക്കാൻ ആളില്ലാതായത്. കഥകളിയിൽ മത്സരിക്കേണ്ട വിദ്യാർഥി എൻസിസി ക്യാംപിൽ പങ്കെടുക്കാൻ പോയതാണ് ആളില്ലാതാകാൻ കാരണം. 953 പോയിന്റ് നേടിയാണ് ജില്ല ഒൻപതാം സ്ഥാനത്തെത്തിയത്. ഗ്രൂപ്പ് ഇനങ്ങളിൽ ഉൾപ്പെടെ 731 വിദ്യാർഥികളാണ് ജില്ലയ്ക്കായി കലോത്സവത്തിൽ മാറ്റുരച്ചത്. അപ്പീലുമായി എത്തിയവരെ കൂടാതെയാണിത്.