15 വർഷം; ഓർമയിൽ ഇന്നും നടുക്കമായി പുത്തൻതെരുവ് ടാങ്കർ ദുരന്തം

Mail This Article
കായംകുളം∙ കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞതോടെ ജനങ്ങളുടെ ഓർമയിലെത്തിയത് 15 വർഷം മുൻപു നടന്ന കരുനാഗപ്പള്ളി പുത്തൻതെരുവ് ടാങ്കർ ദുരന്തം. അന്ന് ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകം ചോർന്ന് ഉണ്ടായ ദുരന്തത്തിൽ രണ്ട് പൊലീസുകാരും ഒരു ഫയർമാനും നാട്ടുകാരും ഉൾപ്പെടെ 14 പേരാണ് മരിച്ചത്. കായംകുളം സ്വദേശി ഫയർമാനായ ഒ.സമീറാണ് അന്ന് മരിച്ചവരിൽ ഒരാൾ.ഇന്ന് സമീർ അനുസ്മരണം കായംകുളത്ത് നടക്കുന്നുണ്ട്.

കായംകുളം യൂണിറ്റിലെ ഫയർമാനായ വിനോദിന് അന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അന്ന് അപകടത്തിന്റെ ആദ്യ ഫോൺ കോൾ അറ്റൻഡ് ചെയ്ത സന്തോഷ് കുമാർ ഇന്നലെ നടന്ന അപകടത്തിലും രക്ഷാപ്രവർത്തകനായി ഉണ്ടായിരുന്നു. കാർത്തികപ്പള്ളി തഹസിൽദാർ പി.എ.സജീവ്കുമാർ, സിഐ അരുൺഷാ, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് ടീം എന്നിവർ സുരക്ഷയൊരുക്കുന്നതിന് നേതൃത്വം നൽകി.
കൊറ്റുകുളങ്ങരയിൽ മുൻപും അപകടം
കൊറ്റുകുളങ്ങര∙ ദേശീയപാതയിൽ കൊറ്റുകുളങ്ങരയിൽ ഇന്നലെ വാതക ടാങ്കർ മറിഞ്ഞതിന് സമീപം 15 വർഷം മുൻപും സമാനമായ അപകടം സംഭവിച്ചിട്ടുണ്ട്. കൊറ്റുകുളങ്ങരയിലെ വാട്ടർ ടാങ്കിന് സമീപമായിരുന്നു അന്ന് അപകടം. ആർക്കും പരുക്കേറ്റിരുന്നില്ല. ഖലാസികളാണ് അന്ന് ക്യാപ്‌സൂൾ (ടാങ്ക്്്) ഉയർത്തിയതെന്ന് നിവാസികൾ പറയുന്നു.