നാടാകെ ആശങ്കയുടെ മുൾമുനയിൽ, വൻ സുരക്ഷാ ക്രമീകരണങ്ങൾ; പകൽ മുഴുവൻ നീണ്ട പരിശ്രമം, ടാങ്കർ ഉയർത്തി

Mail This Article
കായംകുളം(ആലപ്പുഴ)∙ ദേശീയപാതയിൽ കൊറ്റുകുളങ്ങര ജംക്‌ഷനിൽ നിറയെ പാചക വാതകവുമായി മറിഞ്ഞ ടാങ്കർ ഒരു പകൽ മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ ഉയർത്തി. നാടിനെയാകെ ആശങ്കയുടെ മുൾമുനയിലാക്കിയ സംഭവത്തിൽ കൂടുതൽ അപകടം ഒഴിവാക്കാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് ചോർച്ച സംഭവിക്കാതെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയത്.

ഇന്നലെ രാവിലെ 6.45ന് മറിഞ്ഞ ടാങ്കർ(ക്യാപ്സൂൾ) വൈകിട്ട് ഏഴേകാലോടെയാണ് ഉയർത്തിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. മംഗലാപുരത്തുനിന്നു കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് റോഡിന് ഇടതുവശത്തേക്ക് മറിഞ്ഞത്. ടാങ്കറിൽ 18 മെട്രിക് ടൺ വാതകം നിറച്ചിരുന്നു. ദേശീയപാതയിൽ നിന്ന് വാഹനം തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ക്യാബിനും വാതകം നിറച്ച ടാങ്കും വേർപെട്ടുപോയി.
അപകടം ഉണ്ടായ ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു. പിന്നാലെ പാരിപ്പള്ളി ഐഒസിയിൽ നിന്ന് വിദഗ്ധർ എത്തി പരിശോധിച്ചു. മുൻകരുതൽ എന്ന നിലയിൽ 300 മീറ്റർ ചുറ്റളവിൽ വൈദ്യുതി വിഛേദിച്ചു. സമീപത്തെ സ്‌കൂളിൽ നിന്ന് കുട്ടികളെയും മാറ്റി. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വിലക്കി.
ഇതിനുശേഷം ആദ്യം വാഹനത്തിന്റെ ക്യാബിൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റി. ആദ്യമെത്തിയ ക്രെയിന് 50 ടൺ ഭാരമുയർത്താനുള്ള ശേഷി മാത്രമാണുണ്ടായിരുന്നത്. അതിനാൽ വാതക ടാങ്കർ ഉയർത്താൻ കഴിഞ്ഞില്ല. ഐഒസിയുടെ എമർജൻസി റെസ്ക്യൂ ടീം എത്തി രാവിലെ പതിനൊന്നോടെ 20 ശതമാനത്തോളം വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. വലിയ ക്രെയിൻ എത്തിക്കാൻ കാലതാമസം എടുക്കും എന്നതിനാലാണ് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്.
എറണാകുളത്ത് നിന്ന് വലിയ ക്രയിൻ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ദേശീയപാത നിർമാണത്തിനായി ഉപയോഗിക്കുന്ന വലിയ ക്രെയിൻ കായംകുളത്ത് നിന്ന് തന്നെ എത്തിച്ചാണ് ഉയർത്തിയത്. വൈകിട്ട് അഞ്ചോടെ ടാങ്ക് ഉയർത്തുന്നതിനുള്ള നടപടി തുടങ്ങി. അതിന് ശേഷം വലിയ ക്രെയിൻ ഉപയോഗിച്ച് ടാങ്ക് ഉയർത്തി മറ്റൊരു ക്യാബിൻ ജീപ്പിലേക്ക് മാറ്റി. പകൽ മുഴുവൻ ദേശീയപാതയിൽ ഗതാഗതം നിരോധിച്ചിരുന്നു.തീരദേശം വഴിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ വാഹനം തെന്നിമാറുകയായിരുന്നെന്ന് ഡ്രൈവർ രാജശേഖരൻ പറഞ്ഞു.
ടാങ്കർ ഉയർത്താൻ ഒരു പകൽ; തുടക്കം മുതൽ പാളിച്ച എന്ന് പരാതി
കായംകുളം∙മറിഞ്ഞ പാചക വാതക ടാങ്കർ കഴിവതും നേരത്തെ ഉയർത്തുന്നതിൽ തുടക്കം മുതൽ പാളിച്ച പറ്റിയതായി ആരോപണം. രാവിലെ 6.45 ന് ഉണ്ടായ അപകടത്തിൽ മറിഞ്ഞ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതിന് ഒരു പകൽ മുഴുവൻ വേണ്ടി വന്നത് ആസൂത്രണത്തിലെ പിഴവാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 18 മെട്രിക് ടൺ ഭാരമുള്ള ടാങ്കറും 20 ടൺ ഭാരമുള്ള വാഹനവും ഉയർത്താൻ ശേഷിയുള്ള ക്രയിൻ സംഘടിപ്പിക്കുന്നതിലാണ് അധികാരികൾക്ക് വീഴ്ച പറ്റിയത്.ആദ്യം 50 ടൺ ശേഷിയുള്ള ക്രെയിനാണ് എത്തിച്ചത്.
പിന്നീട് വലിയ ക്രെയിൻ എറണാകുളത്ത് നിന്നും അരൂരിൽ നിന്നുമൊക്കെ കൊണ്ടുവരാനുള്ള ശ്രമമായി. ഇതൊന്നും നടക്കാതെ വന്നതോടെ കായംകുളത്ത് തന്നെ ഉണ്ടായിരുന്ന, ദേശീയപാത കരാറുകാർ ഉപയോഗിക്കുന്ന 300 ടൺ ശേഷിയുള്ള വലിയ ക്രെയിൻ എത്തിച്ചാണ് ഒരു മണിക്കൂർ കൊണ്ട് രക്ഷാദൗത്യം പൂർത്തിയാക്കിയത്. രാവിലെ ഈ നീക്കം നടത്തിയിരുന്നെങ്കിൽ മണിക്കൂറുകൾ നീണ്ട ദേശീയപാതയിലെ വാഹന നിരോധനം ഒഴിവാക്കാമായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയപാത കരാറുകാരുമായി ബന്ധപ്പെടുന്നതിൽ വന്ന വീഴ്ച കാരണമാണ് ഇത്രയും സമയം രക്ഷാപ്രവർത്തനത്തിന് വേണ്ടിവന്നത്.