ദേശീയപാത നിർമാണത്തിന് മണ്ണ് എത്തിത്തുടങ്ങി; വേഗത്തിലായി നിർമാണം: പണികൾ തടസ്സപ്പെട്ടത് 5 മാസം

Mail This Article
ആലപ്പുഴ∙ മണ്ണ് ആവശ്യത്തിന് എത്തിത്തുടങ്ങിയതോടെ ജില്ലയിലെ ദേശീയപാത നിർമാണം വീണ്ടും വേഗത്തിലായി. ആവശ്യത്തിനു മണ്ണ് ലഭിക്കാത്തതും മഴയും കാരണം 5 മാസത്തോളം പണികൾ തടസ്സപ്പെട്ടിരുന്നു. തുടർന്നു മണ്ണ് എടുക്കാൻ അനുമതി ലഭിച്ചതോടെയാണു പണികൾ വേഗത്തിലായത്. സംസ്ഥാനത്തു തന്നെ ദേശീയപാത നവീകരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനു മാത്രമാണു കഴിഞ്ഞ മാസങ്ങളിൽ പുരോഗതിയുണ്ടായത്. മറ്റിടങ്ങളിൽ പണി നിർത്തിവച്ച നിലയിലായിരുന്നു. നിലവിൽ തുറവൂർ– പറവൂർ റീച്ചാണു ജില്ലയിൽ പുരോഗതിയിൽ പിന്നിൽ. ഇവിടെയും മണ്ണിട്ടുയർത്തുന്ന പണികളുടെ വേഗം കൂടിയിട്ടുണ്ട്. അടിപ്പാതകളുടെ കോൺക്രീറ്റിങ്ങും വേഗത്തിലായി.
ഹരിപ്പാട് ഭാഗത്തു പുതുതായി ഏറ്റെടുത്ത സ്ഥലം മണ്ണിട്ട് ഉയർത്തുന്നുമുണ്ട്. ചേപ്പാട് ഉയരപ്പാതയുടെ തൂണുകളും ഭൂരിഭാഗവും പൂർത്തിയായി. ഗർഡറുകൾ സമീപത്തായി കോൺക്രീറ്റ് ചെയ്യുന്നതു പുരോഗമിക്കുകയാണ്. തുടർന്നു തൂണുകൾക്കു മുകളിലേക്കു ഗർഡറുകൾ സ്ഥാപിച്ചു ഗർഡറുകളെ ബന്ധിപ്പിച്ചു കോൺക്രീറ്റിങ്ങും നടത്തും. റോഡിൽ മണ്ണിട്ടുയർത്തുന്ന പണികൾ കൂടിയതോടെ മിക്കയിടത്തും പൊടിശല്യവും രൂക്ഷമാണ്. വലിയ വാഹനങ്ങൾക്കു പിന്നിൽ പോകുന്ന ഇരുചക്രവാഹന യാത്രികരാണു വലയുന്നത്.
ഏറ്റെടുക്കാൻ 6 കെട്ടിടങ്ങൾ
അതേസമയം ജില്ലയിൽ ഇനി 6 കെട്ടിടങ്ങൾ ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുണ്ട്. ഇതിൽ നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപത്തെ ഫ്ലാറ്റ് ഏറ്റെടുക്കുന്നതിനാണു കൂടുതൽ സമയമെടുക്കുക. 9 നിലകളുള്ള ഫ്ലാറ്റ് ഭാഗികമായി പൊളിക്കാനാണ് ആദ്യം തീരുമാനിച്ചത്. കോഴിക്കോട് എൻഐടി നടത്തിയ പഠനത്തിൽ ഫ്ലാറ്റ് ഭാഗികമായി പൊളിക്കുന്നതു ബാക്കിയുള്ള ഭാഗത്തിന്റെ സ്ഥിരതയെ ബാധിക്കുമെന്നു കണ്ടെത്തി മുഴുവനായി ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നു. തുടർന്നു സാധാരണ ബഹുനില മന്ദിരങ്ങൾക്കു തുല്യമായി മൂല്യം നിശ്ചയിച്ചെങ്കിലും കൂടുതൽ തുക അനുവദിക്കണമെന്നു ഫ്ലാറ്റിലെ താമസക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി പുരോഗമിക്കുന്നതേയുള്ളൂ
അടിപ്പാത അപ്രോച്ച് റോഡ്; നിർമാണം ആരംഭിച്ചു
ദേശീയപാതയിൽ അടിപ്പാതകളിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണവും ആരംഭിച്ചു. പറവൂർ– കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര– കൃഷ്ണപുരം റീച്ചുകളിൽ ഒരു മീറ്ററിലേറെ വീതിയും നീളവും വരുന്ന ആർഇ വാൾ പാനലുകൾ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. ക്രെയ്നിന്റെ സഹായത്തോടെ വാൾ പാനലുകൾ പരസ്പരം യോജിപ്പിച്ചു നിർത്തും. ആർഇ വാൾ പാനലുകൾക്ക് ഇടയിലൂടെ മണ്ണ് ഒലിക്കാതിരിക്കാൻ ഫിൽറ്റർ മീഡിയ എന്ന പ്രത്യേക തുണിയും വിരിക്കും. തുടർന്നു മണ്ണിട്ടു നിറയ്ക്കുകയാണു ചെയ്യുക.
മണ്ണ് ഉറപ്പിക്കുമ്പോൾ ഓരോ 20 സെന്റീമീറ്റർ ഉയരത്തിലും ഭൂവസ്ത്രം വിരിച്ചു ബലപ്പെടുത്തും. ഭാവിയിൽ മണ്ണ് ഇരുത്തി അപ്രോച്ച് റോഡിനു കേടുപാട് ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്. അടിപ്പാതയുടെ ഉയരത്തിനനുസരിച്ചു മണ്ണിട്ട് ഉയർത്തിയ ശേഷം സാധാരണ റോഡ് ടാർ ചെയ്യുന്നതിനു സമാനമായി ഗ്രാനുലാർ സബ് ബേസസ് (ജിഎസ്ബി) നിരത്തി ബലപ്പെടുത്തും. തുടർന്നു വിവിധ പാളികളായി ടാറിങ് നടത്തും.