ഹായ് തോട്, അല്ല റോഡ്! ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി; റോഡും വീടുകളും വെള്ളത്തിലായി

Mail This Article
കായംകുളം∙ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചിറക്കടവത്തിന് കിഴക്കുഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം നഷ്ടമായതിനെ തുടർന്നു റോഡും വീടുകളും വെള്ളത്തിലായി. പുതിയ സർവീസ് റോഡും വെള്ളത്തിലായ നിലയിലാണ്. പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനെച്ചൊല്ലി ജല അതോറിറ്റിയും ദേശീയപാത കരാറുകാരും രണ്ട് തട്ടിലാണ്. ഇതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമില്ലാതെ നീളുകയാണ്.
വെള്ളം കയറിയതോടെ 500ൽ ഏറെ വീട്ടുകാരുടെ യാത്രാ സൗകര്യമാണ് ഇല്ലാതായിരിക്കുന്നത്. സർവീസ് റോഡിൽ കൂടിയാണ് വില്ലേജ് ഓഫിസ് റോഡിലേക്ക് പോകേണ്ടത്. സ്കൂൾ കുട്ടികളുൾപ്പെടെ ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന വില്ലേജ് ഓഫിസ് റോഡും വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്.
രോഗികളായവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധിയും ഉടൻ പരിഹരിക്കണമെന്ന് പ്രതികരണ വേദി ജനറൽ സെക്രട്ടറി പുളിയറ വേണുഗോപാൽ ആവശ്യപ്പെട്ടു.
സർവീസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകണമെങ്കിൽ പൊട്ടിയ പൈപ്പ് നന്നാക്കണം. 5 മീറ്ററിലേറെ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വരും. പുതിയ പൈപ്പ് ലൈനുമായി ഇതു ബന്ധിപ്പിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ റോഡിന് എതിർവശത്തുള്ളവർക്കു വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ദേശീയപാത വിഭാഗം സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയാലേ ഇരുവശത്തും താമസിക്കുന്നവർക്കു വെള്ളം മുടങ്ങാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാനാവുകയുള്ളുവെന്ന് പറയുന്നു.
ദേശീയപാതയുടെ നിർമാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ചിറക്കടവത്ത് പൈപ്പ് ലൈൻ പൊട്ടുകയും സമീപ വീടുകളിലേക്കു വെള്ളം കയറുന്നതു മൂലം കായംകുളം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും കായംകുളം പ്രദേശത്തേക്കുള്ള പമ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ജല അതോറിറ്റി വ്യക്തമാക്കി. ചോർച്ച പൂർണമായി പരിഹരിക്കാൻ സാധിച്ചില്ല. ഇതു മൂലം പമ്പിങ് നടത്തിയാൽ തന്നെ കായംകുളം മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും വെള്ളം എത്തുന്നില്ല.
കൂടാതെ എംഎസ്എം കോളജിന് എതിർ ഭാഗത്ത് ദേശീയപാതയിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നിടയിൽ പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്. ചോർച്ച പരിഹരിക്കുന്നതിനായി ഹൈവേയുടെ നിർമാണ കരാറുകാരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനു ഹൈവേ അധികൃതർക്കും നിർമാണ പ്രവർത്തിയുടെ കരാറുകാർക്കും വേണ്ട നിർദേശം നൽകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ കത്തിൽ ജല അതോറിറ്റി സെക്‌ഷൻ ഓഫിസ് ആവശ്യപ്പെട്ടു.