‘കേരള അതിർത്തി കടന്നാൽ കുടുങ്ങണം’; ജനങ്ങളുടെ ‘കുറുവപ്പേടി’ മാറ്റാൻ പ്രത്യേക സ്ക്വാഡിന് ലഭിച്ച നിർദേശം

Mail This Article
മണ്ണഞ്ചേരി ∙ മണ്ണഞ്ചേരിയിൽ കുറുവ സംഘം നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേണത്തിനിടയിൽ, തമിഴ്നാട്ടിലെ 2 പിടികിട്ടാപ്പുള്ളികൾ കുടുങ്ങി. തമിഴ്നാട് കമ്പം കുപ്പമേട് അങ്കൂർപാളയം വാർഡ് 30ൽ ആർ.കറുപ്പയ്യ (46), സഹോദരൻ ആർ.നാഗരാജ് (നാഗയ്യൻ – 56) എന്നിവരാണ് പിടിയിലായത്. ഇവർ കുറുവ സംഘത്തിന്റെ ഉപവിഭാഗമായ കല്ലെട്ടാർ സംഘത്തിലെ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. ഒരാളെ തമിഴ്നാട് അതിർത്തിക്കടുത്തുള്ള ഇടുക്കി പൂപ്പാറയിൽനിന്നും ഒരാളെ തമിഴ്നാട്ടിലെ ബോഡിമെട്ടിൽ നിന്നുമാണു പിടിച്ചത്.
മണ്ണഞ്ചേരി പൊലീസ് പിടികൂടിയ പ്രതികളെ നാഗർകോവിൽ പൊലീസ് എത്തി കൊണ്ടുപോയി. തമിഴ്നാട്ടിലെ മോഷണക്കേസുകളിൽ പ്രതികളായ ഇവർ ഇടുക്കിയിൽ പലയിടത്തായി മറ്റു പേരുകളിൽ താമസിക്കുകയായിരുന്നു. നിലവിൽ രാജാക്കാട് കുരുവിളസിറ്റിയിലാണു താമസിച്ചിരുന്നത്. ആക്രിക്കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മണ്ണഞ്ചേരിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ടു മുൻപു പിടിയിലായ കുറുവ സംഘത്തിലെ പ്രധാനി സന്തോഷ് ശെൽവവുമായി ഇവർക്കു ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി. സന്തോഷിന്റെയും ബന്ധുക്കളും മറ്റും ഫോൺവിളി വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇവരെപ്പറ്റി വിവരം ലഭിച്ചത്. തുടർന്നു 2 ദിവസം രാജാക്കാട്ടു താമസിച്ചു നിരീക്ഷിച്ച ശേഷമാണു പ്രതികളെ പിടികൂടിയത്.
ഇവർക്കു മണ്ണഞ്ചേരി കേസുമായി ബന്ധമില്ലെങ്കിലും ആലപ്പുഴ നോർത്തിലും പട്ടണക്കാട്ടും കോട്ടയം മേലുകാവിലും മോഷണ കേസുകളിൽ വാറന്റുണ്ട്. തമിഴ്നാട് പൊലീസിന് കൈമാറിയ പ്രതികളെ ഈ കേസുകളിൽ പിന്നീട് കോടതിവഴി കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി മധുബാബുവിന്റെയും സിഐ ടോൾസൺ ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘത്തിലെ എസ്ഐ കെ.ആർ.ബിജു, സൈബർ സെൽ എസ്ഐ എ.സുധീർ, എഎസ്ഐ ഉല്ലാസ്, എസ്‌സിപിഒമാരായ ഷൈജു, വിപിൻദാസ്, ജഗദീഷ് എന്നിവരാണ് ഇടുക്കിയിലെത്തി അന്വേഷണം നടത്തിയത്.
‘കേരളത്തിലെത്തിയാൽ കുടുങ്ങണം’
ജനങ്ങളുടെ ‘കുറുവപ്പേടി’ എങ്ങനെയും മാറ്റണമെന്ന ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ ദൃഢനിശ്ചയമാണു വിജയത്തിന്റെ ഒരുഘട്ടം കൂടി പിന്നിടുന്നത്. സംഘം കേരളത്തിൽ കടന്നാൽ കുടുങ്ങുമെന്ന സാഹചര്യമുണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. കുറുവ സംഘത്തിലുള്ളവരെ മുഴുവൻ കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. ഇതിനായി സംഘത്തിലുള്ളവരുടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനും നിർദേശിച്ചു. ഇതനുസരിച്ചുള്ള ഓപ്പറേഷനാണു പൊലീസ് ഇപ്പോഴും തുടരുന്നത്.
സംസ്ഥാനത്തു പലയിടത്തും സംഘം മോഷണം നടത്തിയിട്ടുണ്ടെങ്കിലും അതിൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുഖം മറച്ച് എത്തുക, ഫോൺ ഉപയോഗത്തിലെ തന്ത്രങ്ങൾ, വിരലടയാളം അവശേഷിപ്പിക്കാതിരിക്കുക, സിസിടിവി ക്യാമറകളിൽ പതിയാതെയുള്ള നീക്കങ്ങൾ തുടങ്ങിയവയും മോഷണങ്ങളിൽ ഇവരുടെ പങ്കു തിരിച്ചറിയാൻ പ്രയാസമുണ്ടാക്കിയിരുന്നു. കുപ്രസിദ്ധ മോഷ്ടാക്കളെ പിടികൂടാൻ മുൻകയ്യെടുത്ത ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രനെ തമിഴ്നാട് പൊലീസ് അഭിനന്ദിച്ചു.

30 വർഷം മുൻപു മുതൽ കേസുകൾ
കോട്ടയം മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 30 വർഷം മുൻപ് ഒരു വീട്ടിൽ കവർച്ച നടത്തിയതിനു നാഗരാജിനെതിരെ വാറന്റ് നിലവിലുണ്ട്. 2010ൽ കായംകുളത്ത് വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നു സ്വർണാഭരണങ്ങൾ കവർന്നതിനു കറുപ്പയ്യയ്ക്കും കൂട്ടർക്കുമെതിരെ കേസുണ്ടായിരുന്നു. ഇതിൽ 2 വർഷം തടവുശിക്ഷ അനുഭവിച്ചു. 2013ൽ പുന്നപ്രയിൽ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നു കയറി സ്വർണമാല കവർന്നതിനും നാഗരാജുവിനെതിരെ കേസുണ്ടായിരുന്നു. ഇതിൽ 6 വർഷം തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴ ജില്ലയിൽ 2 വർഷം മുൻപു 2 മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇപ്പോഴത്തെ ചോദ്യംചെയ്യലിൽ ഇവർ സമ്മതിച്ചെങ്കിലും സ്ഥലം ഓർക്കുന്നില്ലെന്നാണു പറയുന്നത്. തമിഴ്നാട്ടിൽ ഇവർ അവസാനം പിടിയിലായതു 2016ൽ ആണ്. തമിഴ്നാട് പൊലീസിൽനിന്നു കറുപ്പയ്യയ്ക്കെതിരെ 4 വാറന്റും നാഗരാജിനെതിരെ 2 വാറന്റുമുണ്ട്. തമിഴ്നാട്ടിൽ ഇവർക്കെതിരെ ആകെ ഇരുപതോളം കേസുകളുണ്ടെന്നാണു വിവരം. മൂന്നംഗ സംഘമായി തിരിഞ്ഞു വീടുകളുടെ അടുക്കള വാതിൽ കുത്തിത്തുറന്നു കയറി വീട്ടുകാരെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസുകളാണ് ഏറെയും. കേരളത്തിൽ ഇവർ ഉൾപ്പെട്ട കേസുകളുടെ വിവരങ്ങൾ വിരലടയാള ബ്യൂറോയുടെയും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും സഹായത്തിൽ ശേഖരിക്കുന്നുണ്ട്.
ഒളിച്ചു താമസം; ഒടുവിൽ പിടിയിൽ
മണ്ണഞ്ചേരി ∙ സന്തോഷ് ശെൽവത്തെ പിടികൂടിയ ശേഷം മണ്ണഞ്ചേരി പൊലീസിന്റെ ആന്റി കുറുവ സ്ക്വാഡ് തമിഴ്നാട്ടിലെ കാമാച്ചിപുരത്തു ക്യാംപ് ചെയ്ത് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണു കറുപ്പയ്യയെയും നാഗയ്യനെയും കുടുക്കാൻ സഹായിച്ചത്. 8 – 10 വർഷം മുൻപു തമിഴ്നാട്ടിൽ മോഷണങ്ങൾ നടത്തിയ സഹോദരങ്ങൾ നിലവിൽ അടിമാലിക്കു സമീപം ഇരുമ്പുപാലം, രാജകുമാരി, രാജാക്കാട് പ്രദേശങ്ങളിൽ എവിടെയോ ഉണ്ടെന്ന സൂചന ലഭിച്ചു. മണ്ണഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത ഏതാനും മോഷണക്കേസുകളിൽ ഇവർ പ്രതികളാകാൻ സാധ്യതയുണ്ടെന്ന വിവരവും ലഭിച്ചു.
കേരളത്തിൽ തുടരെ മോഷണത്തിനെത്തുന്നവരുടെ ചിത്രങ്ങൾ തമിഴ്നാട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽനിന്നു ലഭിച്ചതും അന്വേഷണത്തിൽ ഉപകരിച്ചു. മണ്ണഞ്ചേരി എസ്ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലാണു പൊലീസ് ക്യാംപ് ചെയ്തത്. രാജകുമാരിയിലെ ആക്രിക്കടയിൽ ആനന്ദനെന്നും ഗോപിയെന്നും പേരുള്ള രണ്ടുപേർ ജോലി ചെയ്യുന്നുണ്ടെന്നു പൊലീസ് കണ്ടെത്തി. കടയുടമയോട് അന്വേഷിച്ചപ്പോൾ ഇവർ തമിഴ്നാട്ടുകാരാണെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പറഞ്ഞു.
ഏതാനും ദിവസം രാജകുമാരിയിൽ ക്യാംപ് ചെയ്ത പൊലീസ് ആനന്ദനെ പിടികൂടി ചോദ്യം ചെയ്തു. കറുപ്പയ്യ എന്നാണു പേരെന്നും തമിഴ്നാട് പൊലീസിനെ ഭയന്ന് 6 വർഷമായി അവിടെ താമസിച്ചു ജോലി ചെയ്യുകയാണെന്ന് ഇയാൾ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഗോപിയെന്ന പേരിൽ കൂടെയുള്ളതു സഹോദരൻ നാഗരാജാണെന്നും വെളിപ്പെടുത്തി. പൊലീസ് തിരയുന്നുണ്ടെന്നു മനസ്സിലാക്കി നാഗരാജ് ബോഡിമേട്ടിലേക്കു മുങ്ങിയെന്നും കറുപ്പയ്യ പറഞ്ഞു. ബസിൽ സഞ്ചരിക്കുകയായിരുന്ന നാഗരാജിനെ പിന്തുടർന്നു പൊലീസ് ബോഡിമെട്ടിൽവച്ചു പിടികൂടി. പിടിയിലായവർ രാജകുമാരിയിൽ സ്ഥലം വാങ്ങി വീടു വച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ആക്രിക്കച്ചവടവും മറ്റും ചെയ്തു സമ്പാദിച്ച പണം കൊണ്ടാണിതെന്നാണു പിടിയിലായവർ അവകാശപ്പെടുന്നത്.

പൊലീസ് മേധാവിയുടെ ഓഫിസിൽ സ്ത്രീകൾ എത്തി ബഹളംവച്ചു
ആലപ്പുഴ ∙കുറുവ സംഘാംഗങ്ങൾ പിടിയിലായതറിഞ്ഞു ബന്ധുക്കളായ സ്ത്രീകൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തി ബഹളംവച്ചു. പ്രതികളെ ഉപദ്രവിച്ചെന്നാണ് അവരുടെ പരാതി. രണ്ടു സ്ത്രീകൾക്കൊപ്പം ഏതാനും പുരുഷൻമാരും ഉണ്ടായിരുന്നു. മുൻപ് സന്തോഷ് ശെൽവവും മണികണ്ഠനും പിടിയിലായപ്പോഴും സ്ത്രീകൾ എത്തി ബഹളം വച്ചിരുന്നു.
കുറുവ ഓപ്പറേഷൻ നിർത്തുന്നു: ജില്ലാ പൊലീസ് മേധാവി
കുറുവ സംഘത്തിന്റെ അടിവേരുകൾ വരെ കണ്ടെത്തിക്കഴിഞ്ഞതിനാൽ ഇവർക്കെതിരെയുള്ള പൊലീസിന്റെ ഓപ്പറേഷൻ നിർത്തുകയാണെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു. എന്നാൽ, പ്രത്യേക സ്ക്വാഡ് തൽക്കാലം പിരിച്ചുവിടില്ല. കേരളത്തിൽ കുറുവ ഭീതി മിക്കവാറും അവസാനിച്ചുകഴിഞ്ഞെന്നാണു നിഗമനം. കേരളത്തിൽ ഇവർക്കെതിരെ അടുത്ത കാലത്ത് 6 – 7 കേസുകൾ മാത്രമാണുള്ളതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.