കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂരിൽ തുടക്കം

Mail This Article
ചെങ്ങന്നൂർ ∙ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്കു ചെങ്ങന്നൂരിൽ പ്രൗഢഗംഭീരമായ തുടക്കം. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം എന്ന ആശയത്തെ യാഥാർഥ്യമാക്കിയതു കുടുംബശ്രീ ആണെന്നും സ്ത്രീകൾ പൊതുരംഗത്തേക്കു കടന്നു വന്നത് കുടുംബശ്രീയുടെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 സരസ് മേളകളിൽ നിന്നായി അയ്യായിരത്തോളം സംരംഭകർക്ക് 78 കോടി രൂപ ലഭിച്ചു. 46 ലക്ഷം സ്ത്രീകൾ കുടുംബശ്രീയിൽ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. നടൻ മോഹൻലാൽ വിശിഷ്ടാതിഥിയായി. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചെങ്ങന്നൂർ പെരുമ പുരസ്കാരം മോഹൻലാലിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. മന്ത്രി പി. പ്രസാദ് മുഖ്യ സന്ദേശം നൽകി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എംഎൽഎമാരായ എച്ച്. സലാം, എം.എസ്. അരുൺ കുമാർ, ഔഷധി ചെയർപഴ്സൻ ശോഭന ജോർജ്, കലക്ടർ അലക്സ് വർഗീസ്, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, എം.എച്ച്. റഷീദ്, ആന്റണി പെരുമ്പാവൂർ, കെ.എം. സലിം, കെ.എം. ഉഷ, അശോക് പടിപ്പുരയ്ക്കൽ, എസ്. ശ്രീകല, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.മന്ത്രിമാരെ സ്വാഗതം ചെയ്യാനെത്തിയത് നിള എന്ന റോബട്ടാണ്.

ചെങ്ങന്നൂരിനെ ഇളക്കിമറിച്ചു മോഹൻലാൽ
ചെങ്ങന്നൂർ ∙ വൈകിട്ട് 5 മണിക്കാണ് കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യാതിഥിയായ മോഹൻലാലിനെ കാണാൻ മണിക്കൂറുകൾക്കു മുൻപു തന്നെ ആരാധകർ ജില്ലാ സ്റ്റേഡിയത്തിൽ ഇടം പിടിച്ചു തുടങ്ങിയിരുന്നു. നാലുമണിയോടെ അങ്ങാടിക്കൽതെക്ക് ഭാഗത്തു സുഹൃത്തിന്റെ വീട്ടിൽ മോഹൻലാൽ എത്തിയതറിഞ്ഞു ജനം തടിച്ചു കൂടി. നേരിൽ കാണാനും സെൽഫിയെടുക്കാനും തിരക്കായി.
5.42 നാണ് അദ്ദേഹം മേളയുടെ വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാനൊപ്പം എത്തിയത്. അതോടെ ആർപ്പുവിളികൾ ആകാശം കടന്നു. വേദിക്കു മുന്നിലേക്ക് ആരാധകർ തള്ളിക്കയറുന്നതു നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. ചെങ്ങന്നൂർ പെരുമ പുരസ്കാരം സമ്മാനിക്കുന്നതിനു മുന്നോടിയായി മോഹൻലാൽ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ സീനുകൾ ചേർത്തു തയാറാക്കിയ ഡോക്യുമെന്ററി എൽഇഡി വാളിൽ പ്രദർശിപ്പിച്ചു. ഓരോ പഞ്ച് ഡയലോഗുകൾക്കും പിന്നാലെ ആരാധകരുടെ ആർപ്പുവിളി മുഴങ്ങി. വേദിക്കു മുന്നിലെത്തി സെൽഫി പകർത്താനും തിരക്കായി.
ചെങ്ങന്നൂർ തനിക്കു വളരെ അടുപ്പമുള്ള നഗരമാണെന്നു മോഹൻലാൽ പറഞ്ഞു. തന്റെ അമ്മൂമ്മ താമസിച്ചിരുന്നത് ചെങ്ങന്നൂർ അമ്പലത്തിന് അടുത്താണ്. സ്കൂൾ–കോളജ് പഠനകാലത്ത് പലതവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകശ്രദ്ധ ആകർഷിച്ച മുന്നേറ്റമാണ് കേരളത്തിന്റെ സംഭാവനയായ കുടുംബശ്രീ. കുടുംബത്തിൽ സാമ്പത്തിക ഉന്നതിയും സുരക്ഷിതത്വവും കൈവരിക്കണമെങ്കിൽ ഗൃഹനാഥകളുടെ സാമ്പത്തിക സ്വയംപര്യാപ്തത അനിവാര്യമാണെന്ന ബോധത്തിൽ നിന്നാണ് കേരളം കുടുംബശ്രീ മിഷനു തുടക്കമിടുന്നത്. –മോഹൻലാൽ പറഞ്ഞു.