പക്ഷിപ്പനി: നിയന്ത്രണങ്ങളുടെ കാലാവധി കഴിഞ്ഞു; കേന്ദ്ര വിജ്ഞാപനം ഇറങ്ങിയില്ല, കേരളം പക്ഷിപ്പനിമുക്തമായില്ല

Mail This Article
ആലപ്പുഴ∙ സംസ്ഥാനത്തു പക്ഷിപ്പനിയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി കഴിഞ്ഞെങ്കിലും കേരളം പക്ഷിപ്പനിമുക്തമായെന്ന കേന്ദ്ര വിജ്ഞാപനം വന്നില്ല. രോഗപ്രഭവ കേന്ദ്രങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ സാംപിളുകൾ ശേഖരിച്ചു ഭോപാലിലെ പക്ഷിരോഗ നിർണയ ലാബിലേക്ക് അയയ്ക്കുന്നുണ്ട്. ഒടുവിൽ അയച്ച സാംപിളുകളുടെ ഫലം കൂടി വിലയിരുത്തിയാകും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ രോഗമുക്തമെന്നു പ്രഖ്യാപിക്കുകയെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പ്രഖ്യാപനം വൈകുന്നതിനാൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹാച്ചറികളുടെ പ്രവർത്തനം തുടങ്ങാൻ കഴിയുന്നില്ല.
2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 40 സ്ഥലങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 28 എണ്ണവും ആലപ്പുഴ ജില്ലയിലാണ്. തുടർച്ചയായി രോഗം സ്ഥിരീകരിക്കപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തുടർന്നു കർശന നിയന്ത്രണങ്ങൾ നടപ്പാക്കി. രോഗബാധിത മേഖലകളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും പുതിയ പക്ഷികളെ വളർത്തുന്നതു ഡിസംബർ 31 വരെ നിരോധിച്ചു. ജില്ലയിൽ നിന്നു പുറത്തേക്കും തിരിച്ചും പക്ഷിക്കടത്തും നിരോധിച്ചു. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനകളിൽ സെപ്റ്റംബറിനു ശേഷം ഒരിടത്തും പക്ഷിപ്പനി കണ്ടെത്താനായിട്ടില്ല.
ഭോപാലിലെ ദേശീയ ലാബ് ഫലങ്ങളും ഇതു സ്ഥിരീകരിച്ചു. ഡിസംബർ അവസാന ആഴ്ച നൽകിയ സാംപിളിന്റെ ഫലത്തിനായാണ് ഇപ്പോൾ കാക്കുന്നത്. നിലവിൽ ഈ പ്രദേശങ്ങളിൽ പുതിയ പക്ഷികളെ വളർത്തുന്നതിനു നിയന്ത്രണം ഇല്ലെങ്കിലും സർക്കാർ ഹാച്ചറികളുടെ കാര്യമാണ് അനിശ്ചിതത്വത്തിൽ. സർക്കാരിനു കീഴിലുള്ള നിരണം താറാവു വളർത്തൽ കേന്ദ്രം, ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര വിജ്ഞാപനം വന്ന ശേഷമേ ഇവയുടെ പ്രവർത്തനം വീണ്ടും തുടങ്ങാനാകൂ.