വൈവിധ്യങ്ങളുടെ സരസ് മേള

Mail This Article
ചെങ്ങന്നൂർ ∙ സരസ് മേളയുടെ നാലാം ദിനവും അരങ്ങുണർത്തി കുടുംബശ്രീ കലാകാരികൾ. കൈകൊട്ടിക്കളിയും കോൽക്കളിയും തിരുവാതിര കളിയുമായി ഭരണിക്കാവ് സിഡിഎസിലെ സൂര്യകാന്തി ടീമും ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ച പാലമേൽ സിഡിഎസിലെ നവധാര ടീമും വേദിയിൽ നിറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്കിനു കീഴിലുള്ള ആറ് സിഡിഎസുകളിലെ കലാവിരുന്ന് ഉച്ചയ്ക്ക് ശേഷം നടന്നു.
കരിക്ക് കൊണ്ട് ഉപ്പേരി
കരിക്ക് കുടിക്കാനും കഴിക്കാനും മാത്രമല്ല ഉപ്പേരി ഉണ്ടാക്കാനും കൊള്ളാമെന്നു കണ്ടെത്തി ബിസിനസിൽ വിജയം കൊയ്യുകയാണ് കാസർകോട് സ്വദേശി ഗ്രേസി. എണ്ണയില്ലാതെ വറുത്തെടുക്കുന്നതിനാൽ വിപണിയിൽ മികച്ച ഡിമാൻഡ് ഉണ്ടെന്നു ഗ്രേസി പറഞ്ഞു. കരിക്ക് സ്ക്വാഷും വിൽപനയ്ക്കെത്തിച്ചിട്ടുണ്ട്.
കൂളാക്കാൻ കറ്റാർവാഴ സോപ്പ്
കറ്റാർവാഴയുടെ കുളിർമ നിറയുന്ന സോപ്പ് ഉൽപന്നങ്ങളുമായി പ്രതിഭ അലോ വേര സോപ്പ് യൂണിറ്റ് സരസ് മേളയിൽ. തണ്ണീർമുക്കം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പ്രതിഭ കുടുംബശ്രീ അംഗമായ രജനിയുടെ വ്യക്തിഗത സംരംഭമായ പ്രതിഭ യൂണിറ്റിന്റേതാണു സോപ്പ് ഉൽപന്നങ്ങൾ. നാടൻ വെളിച്ചെണ്ണയിൽ കറ്റാർവാഴയും പാരമ്പര്യമായി ലഭിച്ച ആയുർവേദ അറിവുകളും ചേർത്താണ് സോപ്പ് നിർമാണം.
ലഹരിയെ അമ്പെയ്തു തോൽപിക്കാം
മേളയിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി സ്റ്റാളിൽ ലഹരിയെ അമ്പെയ്തു തോൽപിക്കാം. ലഹരിക്കെതിരെ പ്രതീകാത്മകമായ ബോധവൽക്കരണമാണു നടത്തുന്നത്. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
കോഴിയും കൂടും
സ്വന്തമായി വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ തോതിൽ സംരംഭം ആരംഭിക്കാൻ മേള വഴി കാട്ടുന്നു. കോഴിയും ഹൈടെക് കൂടും കോഴിത്തീറ്റയും ഒരുമിച്ചു വാങ്ങാം. മലപ്പുറം ജില്ലയിലെ എടക്കര അഗ്രോ വനിതാ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ സ്റ്റാളിലാണ് ലഭിക്കുക.
രുചി വൈവിധ്യത്തിന്റെ ഫുഡ്കോർട്ട്; ബുധനാഴ്ചത്തെ വരുമാനം 12,10,000 രൂപ
ചെങ്ങന്നൂർ ∙ കുടുംബശ്രീ ദേശീയ സരസ് മേളയിൽ റെക്കോർഡ് വരുമാനം നേടി ഫുഡ്കോർട്ട്. 12,10,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം. മുൻപു നടന്ന 2 സരസ് മേളകളെക്കാൾ 5 ലക്ഷം രൂപയുടെ വർധന ഉണ്ടെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.രഞ്ജിത്ത് പറഞ്ഞു. 21, 22 തീയതികളിലെ വ്യത്യാസം തന്നെ 5 ലക്ഷത്തിനു മുകളിലാണ്. രാവിലെ മുതൽ രാത്രി വരെ ഫുഡ്കോർട്ടിൽ തിരക്കു തന്നെ. 32 സ്റ്റാളുകളിൽ ഇന്ത്യയുടെ രുചിവൈവിധ്യം ആസ്വദിക്കാൻ ജനം ഒഴുകിയെത്തുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ പേരുകേട്ട, രാമശേരി ഇഡ്ഡലി, അതിശയപ്പത്തിരി, മുളയരി പായസം, ചിക്കൻ വിഭവമായ വനസുന്ദരി തുടങ്ങിയ വിഭവങ്ങൾ മുതൽ ഇതര സംസ്ഥാനങ്ങളുടെ തനത് രുചികളും പരിചയപ്പെടാം. കശ്മീരി സാഫ്രൻ കാവ, മട്ടൻ രോഘൻ ജോഷ്, വസ്വാൻ റിസ്ത എന്നിവയൊക്കെ ജമ്മു ആൻഡ് കശ്മീർ സ്റ്റാളിൽ കിട്ടും. രാജസ്ഥാനിന്റെ സ്റ്റാളിൽ പ്യാസ് കച്ചോടി, മുഗൾ ഹൽവ, മൂങ്ദാൽ കച്ചോടി, ദാഹമകറ്റാൻ മാർവാഡി ലെസി എന്നിവ രുചിക്കാം. തെലങ്കാന സ്റ്റാളിൽ അസ്സൽ ഹൈദരാബാദ് ദം ബിരിയാണി കിട്ടും. ആന്ധ്ര സ്റ്റാളിൽ കലത്തിൽ കിട്ടുന്ന മഡ്ക ബിരിയാണു താരം.