പ്രകൃതിയുമായുള്ള താളം കുട്ടനാടിനു നഷ്ടപ്പെടുന്നു: ഡോ. സൗമ്യ സ്വാമിനാഥൻ

Mail This Article
മങ്കൊമ്പ് ∙ അന്നമൂട്ടിയ ഡോ. എം.എസ്.സ്വാമിനാഥനു ജന്മനാടു നൽകിയ സ്നേഹാദരങ്ങൾക്ക് ആ കൈകളിലെ വാത്സല്യമറിഞ്ഞു വളർന്ന മകൾ ഡോ. സൗമ്യ സ്വാമിനാഥൻ നന്ദി പറഞ്ഞത് ഇന്നത്തെ കുട്ടനാടിനെയോർത്തുള്ള ആശങ്കയും ചേർത്താണ്. കുട്ടനാടിനോടും കൃഷിയോടും പിതാവു ഹൃദയത്തിൽ സൂക്ഷിച്ച സ്നേഹം അവർ ഓർത്തെടുത്തു.
കുട്ടനാടിനെ തണ്ണീർത്തട ആവാസ വ്യവസ്ഥയായി കണ്ടാണു നൂറ്റാണ്ടുകൾക്കു മുൻപ് കൃഷിയിറക്കിയത്. എന്നാൽ, ഇന്നു പ്രകൃതിയുമായുള്ള ആ താളം നഷ്ടപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടു. വെള്ളത്തിന്റെ വഴി തടഞ്ഞാൽ അതു പലയിടത്തേക്കും പോകും. നമ്മുടെ വീടുകളിലും കയറും.
സാമ്പത്തിക വ്യവസ്ഥയിലും കാർഷിക രംഗത്തും കാലത്തിനൊത്തു മാറ്റങ്ങളും വികസനവും വരണം. കാലാവസ്ഥ വ്യതിയാനവും അതിന്റെ വെല്ലുവിളികളും എഴുപതുകളിൽ തന്നെ മുന്നിൽ കണ്ടാണു ഡോ. സ്വാമിനാഥൻ നിത്യഹരിത വിപ്ലവം എന്ന ലക്ഷ്യം മുന്നോട്ടു വച്ചത്. കുട്ടനാടിന്റെ വികസനത്തിനു സാങ്കേതിക വിദ്യയും ശാസ്ത്രവും പരമ്പരാഗത കാർഷിക അറിവുകളും വേഗത്തിൽ ഇണങ്ങുന്ന പദ്ധതികളാണ് ഇന്ന് ആവശ്യമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.