തലവടി തെക്ക് പ്രദേശം: ശുദ്ധജലത്തിനുള്ള കാത്തിരിപ്പിന് 40 വർഷം

Mail This Article
എടത്വ ∙ ഒരു ജന്മം കാത്തിരുന്നാലും തലവടി തെക്ക് പ്രദേശത്ത് ശുദ്ധജലം എത്തുമെന്നു വിശ്വാസമില്ലാത്തവരായി മാറുകയാണ് തലവടി തെക്ക് പ്രദേശത്തുള്ളവർ. ശുദ്ധജലത്തിന്റെ പേരു മാത്രം പറഞ്ഞ് 3 എംഎൽഎമാരാണ് മാറിമാറി ഭരിച്ചത്. കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ വെള്ളം മാത്രം എത്തിയില്ല.
ശുദ്ധജലം ലഭിക്കണമെങ്കിൽ ഇപ്പോഴും വേഴാമ്പലിനെ പോലെ മഴ കാത്തു നിൽക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ 40 വർഷത്തോളമായി ഈ സ്ഥിതിയാണ്. ശുദ്ധജലത്തിനായി ഇതിനോടകം പല ജനകീയ സമരങ്ങളും ഉപരോധങ്ങളും നടത്തിയിട്ടും അധികൃതരുടെ കണ്ണ് തുറപ്പിക്കാനായില്ലെന്നു മാത്രമല്ല മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനു പോലും ഇവിടെ വെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
വേനൽ കാലങ്ങളിൽ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം വളരെയേറെയാണ്. കയ്യേറി നികത്തുന്നതു മൂലവും അശാസ്ത്രീയമായ റോഡ് നിർമാണം മൂലവും തോടുകൾ ഇല്ലാതാകുകയാണ്. പ്രദേശവാസികളുടെ ഏക ആശ്രയമായ തോടുകളിലെ വെള്ളം വേനൽ തുടങ്ങുന്നതേ വറ്റുന്നു. ഇതോടെ വേനൽക്കാലത്ത് ഇരട്ടി ദുരിതമാണു പ്രദേശവാസികൾ അനുഭവിക്കുന്നത് .
ഈ പ്രദേശത്തെ റോഡുകൾ കാലങ്ങളായി ഉയർത്തുന്നതു മൂലം ടാപ്പുകൾ മണ്ണിനടിയിൽ ആകുകയും ഈ സ്ഥലത്ത് സ്ഥാപിച്ചിട്ടുളള പൈപ്പുകൾ കാലഹരണപ്പെട്ടു ദ്രവിച്ചു പോകുകയും ചെയ്തു. ഈ കാരണത്താൽ പാരേത്തോട്, വട്ടടി, തോട്ടടി, ചെത്തിപുരയ്ക്കൽ പ്രദേശങ്ങളിലെ പൊതു ടാപ്പുകളിൽ ജലം എത്തിയിട്ട് 4 പതിറ്റാണ്ടിലധികമായി.
പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതു വരെ ഈ പ്രദേശങ്ങളിൽ മുടക്കം കൂടാതെ ശുദ്ധജലം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് 2014 ജൂൺ 6ന് ഉത്തരവിട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം ജസ്റ്റിസ് ആർ.നടരാജൻ അന്തരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. വേനൽക്കാലത്തു ചില ദിവസങ്ങളിൽ മാത്രമാണ് കിയോസ്കുകൾ സ്ഥാപിച്ച് വെള്ളം എത്തിക്കുന്നത്.
മനുഷ്യാവകാശ കമ്മിഷന് തലവടി പഞ്ചായത്ത് അധികൃതർ നൽകിയ മറുപടിയും വിചിത്രമാണ്. ഹർജി ഫയലിൽ സ്വീകരിച്ച് തലവടി പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണിത്. ‘‘തലവടി തെക്കേ കരയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്, ജലം എത്തിക്കണമെങ്കിൽ 5 കിലോമീറ്ററോളം പൈപ്പ് ലൈൻ സ്ഥാപിക്കണം.
ആയതിനു ഭീമമായ തുക ആവശ്യമായതിനാൽ നിലവിൽ ഇത്തരം പദ്ധതികൾ പഞ്ചായത്തിന് ഏറ്റെടുക്കാൻ നിർവാഹമില്ല. സർക്കാർ തലത്തിൽ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് അറിയുന്നു. ആയത് പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി നടപടി സ്വീകരിക്കുന്നതാണ്.’’ വീണ്ടുമൊരു വേനൽക്കാലം വരവായി. ഇനിയെങ്കിലും ശുദ്ധജലം എത്തിക്കാൻ ലക്ഷ്യബോധത്തോടെയുള്ള നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.