ബസിൽ നിന്നു ലഭിച്ച പണം അടങ്ങിയ പഴ്സ് തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാർ

Mail This Article
ഹരിപ്പാട് ∙ ബസിൽ നിന്നു ലഭിച്ച പണം അടങ്ങിയ പഴ്സിന്റെ ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു , ഡ്രൈവർ എ.അബ്ദുൽ റഹ്മാൻ കുട്ടി എന്നിവരാണ് ഉടമസ്ഥനെ കണ്ടെത്തി പഴ്സും പണവും കൈമാറിയത്.
തിരുവല്ലയിൽ നിന്നു കഴിഞ്ഞ ദിവസം രാവിലെ ഹരിപ്പാടിനു വന്ന ബസ് എടത്വയിൽ എത്തിയപ്പോൾ സീറ്റിൽ ഉടമസ്ഥർ ഇല്ലാതെ ഒരു തുണി സഞ്ചി ഇരിക്കുന്നതു കണ്ടക്ടർ രമ്യ രാജുവിന്റെ ശ്രദ്ധയിൽപെട്ടു. അതിനുള്ളിലെ പഴ്സിൽ 39,900 രൂപ, എടിഎം കാർഡ്, ചെക്ക് ലീഫുകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉണ്ടായിരുന്നു. തോമസ് വർഗീസ് കല്ലിങ്കൽ എന്നയാളുടെ പേരിൽ എസ്ബിഐ തിരുവല്ല ശാഖയിലെ പാസ്ബുക്ക് ആണെന്നു മനസ്സിലാക്കിയ കണ്ടക്ടർ വിവരം ബാങ്കിൽ അറിയിച്ചു.
ബാങ്ക് അധികൃതർ ഇടപാടുകാരനെ വിവരം അറിയിച്ചു. അധികൃതരിൽ നിന്നു വിവരം ലഭിച്ച തോമസ് വർഗീസ് ഹരിപ്പാട് ഡിപ്പോയിലെത്തി. തോമസ് വർഗീസിനെ കണ്ടപ്പോൾ തന്നെ നേരത്തെ ടിക്കറ്റ് നൽകിയ ഓർമയിൽ കണ്ടക്ടർ രമ്യ ആളിനെ തിരിച്ചറിഞ്ഞു. തുടർന്നു സ്റ്റേഷൻ മാസ്റ്റർ ഡി.റെജിയുടെ സാന്നിധ്യത്തിൽ കണ്ടക്ടർ രമ്യ രാജു പണവും അനുബന്ധ രേഖകളും അടങ്ങിയ പഴ്സ് ഉടമസ്ഥനായ തോമസ് വർഗീസിന് കൈമാറി.