കനാലുകളിൽ വെള്ളം എത്തും; ഓണാട്ടുകരയിൽ ആശ്വാസം

Mail This Article
ചാരുംമൂട്∙ തെന്മല ഡാം തുറന്നു. ശനിയാഴ്ചയോടെ ഓണാട്ടുകരയിലെ കനാലുകളിൽ വെള്ളം എത്തും. അടൂരിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കഴിഞ്ഞ ദിവസം ‘കണ്ണുനീർവറ്റും ഒഴുകും ആശ്വാസത്തിന്റെ തെളിനീർ’ എന്ന തലക്കെട്ടിൽ ശുദ്ധജല ക്ഷാമത്തിനു പരിഹാരവും കാർഷികമേഖലയ്ക്ക് ആശ്വാസവും നൽകുന്നതിനായി 20നു തെന്മല ഡാം തുറക്കുമെന്നു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
20നു 11നു ഡാം തുറക്കുകയും വലതുകര കനാലിലേക്കു വെള്ളം എത്തുകയും ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ പത്തനാപുരം വരെയും വെള്ളം എത്തി. ഇന്ന് അടൂരിൽ എത്തുകയും ശനിയാഴ്ചയോടെ പാലമേൽ, നൂറനാട്, ചുനക്കര, താമരക്കുളം, തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലെ കനാലുകളിൽ വെള്ളം എത്തുകയും ചെയ്യും. ഇതോടൊപ്പം തെക്കേക്കര പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പമ്പാ ഇറിഗേഷന്റെ കനാലുകളിൽ വെള്ളം എത്തി. ജില്ലയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും ഇതോടെ പരിഹാരമാകും.

നൂറനാട്ടുള്ള കനാലിന്റെ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. കനാൽ ഇടിഞ്ഞ് വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായ ചുനക്കരയിൽ നിർമാണങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. ഈ കനാലിൽ എത്തേണ്ട വെള്ളം മറ്റു കനാലുകളിലൂടെ തിരിച്ച് വിടാനുള്ള നടപടിയും പൂർത്തിയായിട്ടുണ്ട്.
ചുനക്കരയിലെ കനാലിൽ വെള്ളം എത്തിയെങ്കിൽ മാത്രമേ തെക്കേക്കരയിലും വെള്ളം ലഭിക്കുകയുള്ളൂ. ചുനക്കര പഞ്ചായത്തിലെ കോട്ടപ്പാട്, ചൂരല്ലൂർ മഠത്തിൽ കുളങ്ങര തുടങ്ങിയ പാടശേഖരങ്ങളിലെ നെൽക്കൃഷി കരിഞ്ഞു കിടക്കുകയാണ്. പഴകുളത്തു നിന്നു ശനിയാഴ്ച മെയിൻ കനാലിലൂടെ നൂറനാട്, ചാരുംമൂട് ഭാഗങ്ങളിലെത്തുന്ന വെള്ളം സബ് കനാലുകളിലേക്ക് പോകും.