കൽക്കുളത്താൽ പാലത്തിന് ശാപമോക്ഷം

Mail This Article
വള്ളികുന്നം ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരുന്ന കൽക്കുളത്താൽ പാലത്തിന് ശാപമോക്ഷം. പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാലം പൊളിച്ച് തുടങ്ങി. 2021ലെ ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ച പണം അനുവദിച്ചാണ് പാലം പുനർനിർമിക്കുന്നത്.
ബജറ്റിൽ പണം അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം വൈകുകയായിരുന്നു. തുടർന്ന് എം.എസ്.അരുൺകുമാർ എംഎൽഎ ഇടപെട്ടു കഴിഞ്ഞ ജൂലൈയിൽ സാങ്കേതിക അനുമതി വാങ്ങുകയും ടെൻഡർ ചെയ്തു കരാറുകാരനെ ഏൽപിക്കുകയായിരുന്നു.4.52 കോടി രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിക്കുന്നത്. 20 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലാണ് പാലം പണിയുന്നത്.
7.5 മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയും ഉണ്ടാവും. പുതിയ പാലത്തിനു നിലവിലുള്ള പാലത്തേക്കാൾ രണ്ടു മീറ്റർ ഉയരം കൂടുതലുണ്ടാകും. നിലവിലുള്ള പാലം പൊളിച്ച ശേഷം കാൽനടയാത്രക്കാർക്കായി താൽക്കാലിക നടപ്പാലം പണിയും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിർമാണ ചുമതല.
ഓച്ചിറ – താമരക്കുളം റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ചെങ്കിലും ഇടുങ്ങിയ പാലം അതു പോലെ നിലനിൽക്കുകയായിരുന്നു. ഒരേ സമയം കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയാണ് ടിഎ കനാലിനു കുറുകെയുള്ള 65 വർഷത്തിലധികം പഴക്കമുള്ള പാലത്തിന് ഉണ്ടായിരുന്നത്.
ഗതാഗതം നിരോധിച്ചു
പാലം പൊളിച്ചു പണിയുന്നതു മൂലം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചൂനാട് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ റബ്ബർമുക്കിൽ നിന്നു തിരിഞ്ഞു പള്ളിവിള ജംക്‌ഷൻ വഴിയും താമരക്കുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പള്ളിവിള ജംക്‌ഷൻ വഴിയും പോകണം.