പ്രസംഗങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാകണം: പി.എസ്. ശ്രീധരൻ പിള്ള

Mail This Article
ചെങ്ങന്നൂർ ∙ പ്രസംഗങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാകണമെന്നും അത് പ്രത്യേക ഭാഷയിൽ വേണമെന്നു പറയാൻ കഴിയില്ലെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. കുടുംബശ്രീ ദേശീയ സരസ് മേളയോടനുബന്ധിച്ചു നടന്ന പുരസ്കാര സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളാണ് രാഷ്ട്രീയക്കാരന്റെ കരുത്ത്. മുൻപ് നടത്തിയ പ്രസംഗങ്ങൾ സംബന്ധിച്ച് മന്ത്രി സജി ചെറിയാനെതിരായ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ പരാമർശം. സമാന സാഹചര്യത്തിൽ തനിക്കെതിരെ ശബരിമല സമരകാലത്ത് ചുമത്തിയ കേസ് കോടതി റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ശ്രീധരൻ പിള്ളയ്ക്കു മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, യാക്കോബ് മാർ ഏലിയാസ്, എയർ വൈസ് മാർഷൽ (റിട്ട) പി.കെ. ശ്രീകുമാർ, ഡോ. എം.എ. ഉമ്മൻ, കവി കെ. രാജഗോപാൽ, ജോർജ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.രമേശ് ചെന്നിത്തല എംഎൽഎ, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, എം.എച്ച്.റഷീദ് , ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. രഞ്ജിത്ത്, സുരേഷ് മത്തായി എന്നിവർ പ്രസംഗിച്ചു. അന്തരിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ.എം. ചെറിയാനെ ചടങ്ങിൽ അനുസ്മരിച്ചു.
സരസ് വേദിയിൽ ഇന്ന്
വേദി - 1
നാലിന് , ചെങ്ങന്നൂർ മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച 200 പ്രതിഭകളെ ആദരിക്കും.
8 ന് ശ്രീരാഗ് -അനുശ്രീ സ്റ്റാർ നൈറ്റ്.
വേദി - 2.
10 മണി മുതൽ കുടുംബശ്രീ കലാമേള - ബഡ്സ് പ്രോഗ്രാം, 2 ന് - കുടുംബശ്രീ സ്നേഹിത വാർഷികം - നാടകമത്സരത്തിൽ സമ്മാനങ്ങൾ നേടിയ മികച്ച നാടകങ്ങളുടെ അവതരണം,
6 ന് - ഗസൽ - കുമാർജി പാടുന്നു.
വേദി- 3 –
ഓപ്പൺ ഫോറം- ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിൽ.