പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും നന്നാക്കുന്നില്ലെന്ന് പരാതി

Mail This Article
എടത്വ ∙ എടത്വ – മാമ്പുഴക്കരി റോഡിൽ വെട്ടുതോടു പാലത്തിന്റെ വടക്കു വശത്ത് പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹരിക്കുന്നില്ല എന്നു പരാതി. തലവടി പഞ്ചായത്തിന്റെയും എടത്വ പഞ്ചായത്തിന്റെയും അതിർത്തിയായ കളങ്ങരച്ചിറയിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നത് ആഴ്ചയിൽ ആകെ രണ്ടു ദിവസമാണ്. പൈപ്പ് പൊട്ടിയതോടെ അതും നിലച്ചു. പലതവണ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസിൽ പരാതി നൽകി. എടത്വ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. ജോസഫ് തിരുവനന്തപുരത്ത് പരാതി പരിഹാര സെല്ലിലും പരാതി നൽകി.
എന്നിട്ടും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. നിരന്തരം റോഡിലൂടെ വെള്ളം ഒഴുകി ഇപ്പോൾ റോഡും കുണ്ടും കുഴിയുമായി. സമയത്ത് പൊട്ടൽ പരിഹരിക്കാത്തതിനെത്തുടർന്ന് ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ് സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകുന്നത്. മാത്രമല്ല പൈപ്പ് പൊട്ടൽ ഒരു വീടിന്റെ മുൻവശത്ത് ആയതിനാൽ വീട്ടുകാർക്ക് പുറത്തേക്കിറങ്ങാൻ പോലും കഴിയുന്നില്ല.
ഇതേ അവസ്ഥയാണ് കോയിൽമുക്ക് ക്ഷേത്രത്തിന്റെ സമീപവും. കലുങ്കിനടിയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം തോട്ടിലേക്ക് ഒഴുകുന്നു. ഇവിടെ കുഴൽക്കിണറിൽ നിന്നും പമ്പ് ചെയ്തു വിടുന്ന വെള്ളമായതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് വെള്ളം എത്തുന്നില്ല. ഇവിടെയും പൈപ്പ് നന്നാക്കണം എന്നാവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. അടിയന്തരമായി പൈപ്പ് പൊട്ടൽ പരിഹരിക്കണം എന്നാണാവശ്യം.