നാൽപതോളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി പിടിയിൽ; അറസ്റ്റിലായത് കാക്കനാട് സ്വദേശി

Mail This Article
ആലപ്പുഴ∙ എറണാകുളം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ നാൽപതോളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി രണ്ടു വർഷത്തിനു ശേഷം ആലപ്പുഴ നഗരത്തിൽ നടന്ന മാലപൊട്ടിക്കൽ കേസിൽ അറസ്റ്റിലായി. എറണാകുളം കാക്കനാട് അമ്പാടി ഗോകുലം വീട്ടിൽ ഇമ്രാൻ ഖാൻ (39)ആണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45ന് കളപ്പുര ക്ഷേത്രത്തിനു സമീപവും 10 മണിക്ക് സിഖ് ജംക്‌ഷനു സമീപവും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബർണാർഡ് ജംക്‌ഷനു സമീപവും രാത്രി നടന്ന മൂന്ന് മാലപൊട്ടിക്കൽ കേസുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതി വലയിലായത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മോഷണക്കേസുകളിലും ഒരാൾ തന്നെയാണെന്നു വ്യക്തമായിരുന്നു.
സഹോദരന്റെ പേരിലുള്ള ആഡംബര സ്പോർട്സ് ബൈക്കിൽ നമ്പർ പ്ലേറ്റ് മറച്ച് രാത്രി സമയങ്ങളിൽ സഞ്ചരിക്കുകയും ബൈക്കിൽ യാത്ര ചെയ്തു പോകുന്ന സ്ത്രീകളുടെ സ്വർണമാല ബൈക്ക് നിർത്താതെ തന്നെ വിദഗ്ധമായി പിടിച്ചു പറിക്കുന്നതാണ് ഇമ്രാൻ ഖാന്റെ രീതി. സന്ധ്യാ സമയങ്ങളിലായതിനാലും ഇടവഴികളായതിനാലും മാലപൊട്ടിക്കുന്ന സമയത്തുള്ള അങ്കലാപ്പിൽ പലപ്പോഴും ഇരകൾക്ക് വണ്ടിയുടെ നമ്പർ പ്ലേറ്റ് കാണാൻ കഴിയാത്തത് പൊലീസിനെ കുഴക്കിയിരുന്നു. ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി സ്റ്റേഷൻ പരിധികളിലെ മൂന്ന് കേസുകളാണ് ഇപ്പോൾ തെളിഞ്ഞിട്ടുള്ളത്.
മാരാരിക്കുളം, കുത്തിയതോട് എന്നീ സ്റ്റേഷൻ പരിധികളിൽ സമാന രീതിയുള്ള മാലപൊട്ടിക്കൽ കേസുകളിലും മറ്റു ജില്ലകളിലെ സമാനമായ മാലപൊട്ടിക്കൽ കേസുകളിലും ഇയാൾക്കു പങ്കുള്ളതായി സംശയിക്കുന്നുണ്ട്.ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ നോർത്ത് എസ്എച്ച്ഒ എം.കെ.രാജേഷ്, എസ്ഐ കെ.ജെ. ജേക്കബ്, പ്രബേഷനറി എസ്ഐ പി.ജി.കൃഷ്ണലാൽ, എസ്ഐമാരായ ടി.ഡി. നെവിൻ, മോഹൻകുമാർ, എ. സുധീർ, സീനിയർ സിപിഒമാരായ എൻ.എസ്. വിഷ്ണു, എസ്.ഗിരീഷ്, സിപിഒമാരായ ആർ. ശ്യാം, ബിനോയി ജോർജ്, അഗസ്റ്റിൻ ലോറൻസ്, പി.കെ സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കുടുങ്ങിയത് ‘ഓപ്പറേഷൻ നൈറ്റ് റൈഡറി’ൽ
ആലപ്പുഴ∙ പതിനഞ്ച് മിനിറ്റിനിടെ രണ്ട് യുവതികളുടെ മാല കവർന്ന് നഗരത്തെ ഭീതിയിലാക്കിയ കേസിലെ പ്രതി ഇമ്രാൻഖാനെ കുടുക്കിയത് പൊലീസിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡർ. സ്പോർട്സ് ബൈക്കിൽ പാഞ്ഞെത്തി ബൈക്ക് ഓടിച്ചുകൊണ്ടുതന്നെ മാല കവർന്ന് അതിവേഗം ഓടിച്ചു പോകുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാരിയായ കലവൂർ തകിടിവെളി വീട്ടിൽ ജിഷയുടെ മാലയുടെ ഒരു ഭാഗവും കാഞ്ഞിരംചിറ സ്വദേശിനി ജിൻസിയുടെ ഒന്നരപവന്റെ മാലയുമാണ് നഗരത്തിൽ നിന്നു കവർന്നത്. കറുത്ത വസ്ത്രം ധരിച്ച് ബൈക്കിൽ പാഞ്ഞെത്തി ബൈക്ക് നിർത്താതെ മാല കവർന്ന് ഓടിച്ചു പോവുകയായിരുന്നുവെന്ന് ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.
നൂറ്റൻപതോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മുഖമോ വാഹനനമ്പറോ ലഭിച്ചില്ലെങ്കിലും കറുത്തതും ചാരനിറം കലർന്നതുമായ സ്പോർട്സ് ബൈക്കാണ് ഉപയോഗിച്ചിരുന്നതെന്നു വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിൽ കളമശേരി വിദ്യാനഗറിന് സമീപം ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ജോലിയാണെന്നാണ് ഇയാൾ അയൽവാസികളോട് പറഞ്ഞിരുന്നത്. ഓരോ തവണ മാലപൊട്ടിക്കാനിറങ്ങുമ്പോഴും ഫോൺ ഓഫ് ചെയ്യുകയും സ്വന്തം ബൈക്ക് എടുക്കാതെ സഹോദരന്റെ പേരിലുള്ള സ്പോർട്സ് ബൈക്ക് ഉപയോഗിക്കുകയുമായിരുന്നു രീതി.