മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3,4,5 വാർഡുകളിലെ ജലക്ഷാമം; വായ് മൂടിക്കെട്ടി നാട്ടുകാരുടെ മാർച്ച്

Mail This Article
കലവൂർ ∙ ശുദ്ധജല ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കാലി കുടങ്ങളുമായി സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫിസിലേക്കാണ് ഇന്നലെ പ്രതിഷേധ മാർച്ചും ഉപരോധവും നടത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3,4,5 വാർഡുകളിലെയും മറ്റ് വാർഡുകളിലെയും ജലക്ഷാമം പരിഹരിക്കാൻ തയാറാകാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. വൻതുക മുടക്കി കാട്ടൂരിൽ ജലസംഭരണി സ്ഥാപിച്ചിട്ടും വളവനാട്, ബ്ലോക്ക് ജംക്‌ഷൻ, പ്രീതികുളങ്ങര, കലവൂർ ഭാഗങ്ങളിൽ വെള്ളം കിട്ടുന്നില്ല.
കുടി വെള്ളത്തിനായി എന്ന പേരിൽ രൂപീകരിച്ച വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനു വലിയ പിന്തുണയാണ് ലഭിച്ചത്. രാവിലെ കാട്ടൂർ പള്ളിക്ക് മുന്നിൽ മാർച്ച് ആരംഭിച്ചു. പഞ്ചായത്ത് ഓഫിസിനു സമീപം മാർച്ച് തടഞ്ഞ പൊലീസ് കുറച്ചു പേരെ മാത്രം ഓഫിസിലേക്ക് കടത്തി വിടാൻ തയാറായി. ഇവർ സെക്രട്ടറിയുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കാട്ടൂരിലെ ജലസംഭരണിയിൽ നിന്നുമുള്ള ജലം എത്തിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കാമെന്നു പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നൽകിയതായി സമരത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. അരുൺ കൃഷ്ണൻ, ഇ.കെ.ബാബു, റെജിമോൾ, വിജയൻ, പി.എ.വിഷ്ണു, പ്രഷോദ്, കെ.പി.രവി, സരസ്വതി എന്നിവർ നേതൃത്വം നൽകി.