തിരുവമ്പാടി ആർ.ഒ.പ്ലാന്റിന്റെ കണക്ഷൻ വിഛേദിച്ചു; ശുദ്ധജലം കിട്ടാതെ ആളുകൾ നെട്ടോട്ടത്തിൽ
Mail This Article
ആലപ്പുഴ∙ ആർഒ പ്ലാന്റുകൾ വഴിയുള്ള നഗരസഭയുടെ ശുദ്ധജല വിതരണത്തിന്റെ ബില്ലടയ്ക്കാത്തതിനാൽ തിരുവമ്പാടി ആർ.ഒ പ്ലാന്റിന്റെ കണക്‌ഷൻ ജല അതോറിറ്റി വിഛേദിച്ചു. 22 ദിവസം മുൻപാണ് കുടിവെള്ള പൈപ്പിന്റെ വാൽവ് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി വിഛേദിച്ചത്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇതു മൂലം ജനങ്ങൾ ദുരിതത്തിലായി.9,000 രൂപയാണ് തിരുവമ്പാടി പ്ലാന്റിൽ നിന്നു ജല അതോറിറ്റിക്ക് നൽകാനുള്ളത്. തുക അടയ്ക്കാനുള്ള ബിൽ പ്ലാന്റിലെ ജീവനക്കാരിയെ ഏൽപിച്ചെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ ബിൽ ലഭിച്ചിട്ടില്ലെന്നും നഗരസഭയുടെ കീഴിലുള്ള മുഴുവൻ ആർഒ പ്ലാന്റുകളുടെയും തുക ഒന്നിച്ച് അടയ്ക്കേണ്ടതിനാൽ നഗരസഭ ആരോഗ്യ വിഭാഗത്തിലാണ് ബിൽ നൽകേണ്ടതെന്നും തിരുവമ്പാടി കൗൺസിലർ ആർ.രമേശ് ചൂണ്ടിക്കാട്ടി.ബിൽ ലഭിച്ചാലുടൻ നഗരസഭയിൽ നിന്നു തുക അടയ്ക്കാറുണ്ട്. കഴിഞ്ഞ മാസം വരെയുള്ള തുക കൃത്യമായി അടച്ചിട്ടുണ്ട്. ബിൽ ലഭിച്ചിട്ടില്ലെന്ന കാര്യം ജല അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നു. അടിയന്തരമായി ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് സമരം ആരംഭിക്കുമെന്നും ആർ.രമേശ് അറിയിച്ചു.ലീറ്ററിന് ഒരു രൂപ നിരക്കിൽ പ്രതിദിനം 1200 ലീറ്ററോളം ശുദ്ധജലം ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ആർഒ പ്ലാന്റിൽ നിന്നും ശുദ്ധജലം ലഭിക്കാതായതോടെ സ്വകാര്യ ആർഒ പ്ലാന്റുകളെയും കുപ്പിവെള്ളവുമാണ് ഇപ്പോൾ ജനങ്ങൾ ആശ്രയിക്കുന്നത്.
നഗരസഭയിൽ ബിൽ ലഭിച്ചാലുടൻ ജല അതോറിറ്റിക്ക് തുക കൈമാറുമെന്ന് നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അറിയിച്ചു. തിരുവമ്പാടിയിലെ ആർഒ പ്ലാന്റിന്റെ ബിൽ തുക നഗരസഭയിലേക്ക് കൈമാറാൻ റവന്യു വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ബിൽ തുക ലഭിച്ചാലുടൻ കണക്ഷൻ പുനഃസ്ഥാപിക്കുമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.