തൈക്കാട്ടുശേരി, നൂറനാട് മേഖലകളിൽ ഒരാഴ്ചയിലേറെയായി 36 ഡിഗ്രി താപനില; ചുട്ടുപൊള്ളുന്ന വെയിൽ

Mail This Article
ആലപ്പുഴ∙ ഫെബ്രുവരി പകുതിയേ ആയിട്ടുള്ളൂവെങ്കിലും കടുത്ത വേനലിനു സമാനമായ ചൂടാണ് ഏതാനും ദിവസമായി അനുഭവപ്പെടുന്നത്. തൈക്കാട്ടുശേരി, നൂറനാട് മേഖലകളിൽ ഒരാഴ്ചയിലേറെയായി 36 ഡിഗ്രിയാണ് ഉയർന്ന താപനില. , ചേർത്തല മേഖലകളിൽ 34 ഡിഗ്രി കടന്നു. കടലും കായലും കാരണം അന്തരീക്ഷ ആർദ്രത കൂടുതലുള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് ഇതിനെക്കാൾ രണ്ടു ഡിഗ്രി അധികമാണ്.ജനുവരി അവസാന ആഴ്ച ചെങ്ങന്നൂരിൽ സൂര്യാഘാതമേറ്റു പശു ചത്തിരുന്നു. കഴിഞ്ഞ ദിവസം കലവൂരിൽ പാടത്തു മരിച്ചുവീണ 78 വയസ്സുകാരന്റെ ശരീരമാസകലം വെയിലേറ്റു പൊള്ളിയ നിലയിലായിരുന്നു. ജനുവരി മുതൽ ചൂട് കൂടിയെങ്കിലും മാസാവസാനം ചെറിയ മഴ പെയ്തത് അൽപം ആശ്വാസമായി. പിന്നീട് വീണ്ടും ചൂട് കൂടി. മാർച്ച് ആദ്യ വാരം ചെറിയ തോതിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളം പറഞ്ഞു.
ചൂട് അളക്കാൻ സംവിധാനമില്ല
ജില്ലയിൽ ചൂട് അളക്കാൻ വേണ്ടത്ര സംവിധാനമില്ലാത്തതു കാലാവസ്ഥാ മുന്നറിയിപ്പുകളെ ബാധിക്കുന്നു. തൈക്കാട്ടുശേരി, ചേർത്തല, നൂറനാട് എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ മാത്രമാണു കൃത്യമായി പ്രവർത്തിക്കുന്നത്. ആലപ്പുഴയിലെ കാലാവസ്ഥാ നിരീക്ഷണ നിലയം മാസങ്ങൾക്കു മുൻപു പൂട്ടിയിരുന്നു. കായംകുളം, കരുമാടി എന്നിവിടങ്ങളിലെ വെതർ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുമില്ല. ചെങ്ങന്നൂർ താലൂക്കിൽ ഏതാനും വർഷങ്ങളായി ഈ സംവിധാനമേയില്ല.
ജാഗ്രത പാലിക്കണം
∙ പകൽ 11 മുതൽ ഉച്ചയ്ക്കു 3 വരെ കൂടുതൽ സമയം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കുക.
∙ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കു ശുദ്ധജലം, തണൽ എന്നിവ ഉറപ്പാക്കണം. 11 മുതൽ 3 വരെയുള്ള സമയം ഒഴിവാക്കുക.
∙ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ,കുട,തൊപ്പി എന്നിവ നിർബന്ധം.
∙ തീപിടിത്ത സാധ്യതയുള്ളയിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി മുൻകരുതൽ സ്വീകരിക്കണം.
∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.