നൂതന പദ്ധതികൾക്ക് അംഗീകാരത്തിന്റെ തിളക്കം; മുട്ടാർ പഞ്ചായത്തിനു സ്വരാജ് ട്രോഫി

Mail This Article
എടത്വ∙ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകൾക്കു നൽകുന്ന സ്വരാജ് ട്രോഫി 2023 -24 പുരസ്കാരം ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു നൽകുന്ന ‘മഹാത്മാ പുരസ്കാരം’ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടി മുട്ടാർ പഞ്ചായത്ത്.തനതു ഫണ്ട് പോലും ഇല്ലാത്ത മുട്ടാർ പഞ്ചായത്ത് തുടർച്ചയായി മൂന്നാം തവണയാണു സംസ്ഥാനത്ത് അല്ലെങ്കിൽ ജില്ലയിൽ പുരസ്കാരം നേടുന്നത്. 2021–22, 2023-24 വർഷങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം മുട്ടാറിനായിരുന്നു.2022–23ൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.
മാലിന്യമുക്ത പദ്ധതികളിൽ മാതൃകാപരമായ പ്രവർത്തനം, അതിദാരിദ്ര്യ നിർമാർജന പദ്ധതികൾ, വനിതാ ക്ഷേമ പ്രവർത്തനങ്ങൾ, വയോജന പരിപാടികൾ, ബാല സൗഹൃദ പ്രവർത്തനങ്ങൾ, ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ, പഞ്ചായത്തിൽ നിന്നും നൽകുന്ന സേവന മികവ്, മഹാത്മാഗാന്ധി എൻആർഇജിഎസ് പ്രവർത്തനങ്ങൾ, ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ജനസൗഹൃദ പദ്ധതികൾ നടപ്പിലാക്കിയതാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ മുട്ടാർ പഞ്ചായത്തിനെ സഹായിച്ചത്. മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു നൽകുന്ന മഹാത്മാ പുരസ്കാരം നേടുന്നത് ആദ്യമായിട്ടാണ്. മാലിന്യമുക്ത പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി സോക്പിറ്റ് കംപോസ്റ്റ് അടക്കം, മെറ്റീരിയൽ പ്രവൃത്തികളുടെ നിർവഹണം എന്നിവയുടെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചതെന്ന് പ്രസിഡന്റ് കെ.സുരമ്യ, സെക്രട്ടറി ഭാമ ദേവി എന്നിവർ പറഞ്ഞു.
രണ്ടാം വർഷവും രണ്ടാം സ്ഥാനം നേടി വീയപുരം
ഹരിപ്പാട്∙ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരാജ് ട്രോഫി ജില്ലയിൽ രണ്ടാം വർഷവും രണ്ടാം സ്ഥാനം നേടി വീയപുരം പഞ്ചായത്ത് ആണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയുന്ന ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുകയും പൊതുശുചിമുറികളും സ്കൂളുകളിൽ ജൈവ മാലിന്യ സംസ്കരണ ഉപാധികളും സ്ഥാപിച്ചു. പദ്ധതി ചെലവ് നൂറു ശതമാനവും ചെലവഴിക്കുകയും ചെയ്തു. പെൺകുട്ടികൾക്ക് കൗമാരം കരുതലോടെ പദ്ധതി നടപ്പിലാക്കി.
മാലിന്യമുക്ത പദ്ധതികൾ, വനിതാ ക്ഷേമ പ്രവർത്തനങ്ങൾ, വയോജന പരിപാടികൾ, ബാല സൗഹൃദ പ്രവർത്തനങ്ങൾ, ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങി മികവാർന്ന പ്രവർത്തനം കാഴ്ച വച്ചാണ് വീയപുരം പഞ്ചായത്ത് ജില്ലാതലത്തിൽ സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡ് വീയപുരം പഞ്ചായത്തിനു ലഭിച്ചിരുന്നു എന്ന് പ്രസിഡന്റ് ഷീജാ സുരേന്ദ്രനും, സെക്രട്ടറി സിന്ധു ബാലകൃഷ്ണനും പറഞ്ഞു.
തൊഴിലെടുത്ത് നേടി തുറവൂർ
തുറവൂർ∙ തൊഴിലുറപ്പു പദ്ധതിക്കുള്ള ജില്ലാതല മഹാത്മാ പുരസ്കാരവുമായി തുറവൂർ പഞ്ചായത്ത്. കഴിഞ്ഞ തവണ 2–ാം സ്ഥാനമായിരുന്നെങ്കിൽ ഇത്തവണ ഒന്നാം സ്ഥാനത്തിന്റെ തിളക്കമുണ്ട് നേട്ടത്തിന്. 10.46 കോടി രൂപയാണു വേതന ഇനത്തിൽ തൊഴിലാളികൾക്ക് നൽകാനായത്. തൊഴിലുറപ്പിൽ റജിസ്റ്റർ ചെയ്ത 4617 കുടുംബങ്ങളിൽ 3099 പേർക്കാണ് തൊഴിൽ നൽകാനായത്. 2,79661 തൊഴിൽ ദിനങ്ങൾ നൽകാനായി. ഇതുകൂടാതെ 2439 കുടുംബങ്ങൾക്ക് 100 ദിനം തൊഴിൽ നൽകാനായി.
പശുത്തൊഴുത്ത് നിർമാണം, ആട്ടിൻകൂട് നിർമാണം, മിനി എംസിഎഫ്, റോഡ് നിർമാണം, നഴ്സറി നിർമാണം, തരിശായി കിടക്കുന്ന സ്ഥലങ്ങൾ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ വിധം നിലമൊരുക്കി കൊടുക്കൽ, കടൽത്തീരത്ത് കാറ്റാടി, കണ്ടൽ, നടീൽ എന്നീ പ്രവൃത്തികളാണ് ഏറ്റെടുത്ത് നടപ്പാക്കിയത്. ഏകദേശം 481 പ്രവൃത്തികളാണ് തുറവൂർ പഞ്ചായത്തിൽ ഏറ്റെടുത്ത് നടപ്പാക്കിയത്. തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
നീലംപേരൂരിന്റെ നേട്ടം ശുചിത്വത്തിന്
കുട്ടനാട്∙ തൊഴിലുറപ്പു പദ്ധതിയിലുള്ള മഹാത്മാ പുരസ്കാരം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നീലംപേരൂർ പഞ്ചായത്ത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വം, ഓക്സിജൻ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിയത് അടക്കമുള്ള പ്രവർത്തനങ്ങളാണു നേട്ടത്തിലേക്കു നയിച്ചത്. കാർബൺഡയോക്സൈഡിന്റെ അതിപ്രസരണം തടയുന്നതിനായി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയോരങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു.കൈനടി പൊലീസ് സ്റ്റേഷനിലെ 5 സെന്റ് സ്ഥലത്ത് മിയാവാക്കി വനം നിർമിച്ചു.
പിഎച്ച്സി ആശുപത്രിക്കു സമീപം പച്ചത്തുരുത്ത് സ്ഥാപിച്ചും ആണ് ഓക്സിജൻ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ടൂറിസവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് പരിധിയിലെ നാട്ടു തോടുകൾ ശുചീകരിക്കുന്ന പായൽ വാരൽ പദ്ധതി നടപ്പിലാക്കി. തോടു വൃത്തിയാക്കിയപ്പോൾ ലഭിച്ച പോള ഉപയോഗിച്ചു ജൈവ വളം നിർമിച്ചു. കായൽ നിലങ്ങളിലും പാടശേഖരങ്ങളിലും പുറംബണ്ട് സംരക്ഷിക്കുന്നതിനായി കയർ ഭൂവസ്ത്രം വിരിക്കുന്നത് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കി. പകുതിയോളം തൊഴിലാളികൾക്ക് ഇതിനോടകം 100 തൊഴിൽ ദിനം നൽകിയതടക്കം നേട്ടത്തിലേക്കു നയിച്ചു.