സഹായങ്ങൾക്ക് കാത്തുനിൽക്കാതെ അഭിനവ് യാത്രയായി

Mail This Article
ആലപ്പുഴ ∙ കൂട്ടുകാരും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും തീർത്ത സ്നേഹത്തണലിനിടെ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ അഭിനവ് യാത്രയായി. പെട്ടെന്നുണ്ടായ ക്ഷീണത്തെ തുടർന്നു വൃക്ക, കരൾ, ശ്വാസകോശം എന്നിവയ്ക്കു ഗുരുതരമായി ക്ഷതമേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 28 മുതൽ ചികിത്സയിലായിരുന്ന നെഹ്റു ട്രോഫി പീടികയിൽ പി.എസ്. അമ്പിളിയുടെ മകൻ എ. അഭിനവ് (15) ഇന്നലെ പുലർച്ചെ അന്തരിച്ചു. തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിയായിരുന്നു അഭിനവ്.
കർഷകത്തൊഴിലാളിയായ മാതാവ് അമ്പിളിയും നിർധനരായ കുടുംബാംഗങ്ങളും ചേർന്നു അഭിനവിന്റെ ചികിത്സയ്ക്ക് 10 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അഭിനവിന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന 50 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്ന് അമ്പിളിയും ബന്ധുക്കളും നാട്ടുകാരും ആലോചിക്കുന്നതിനിടെയാണ് സഹായങ്ങൾക്കു കാത്തുനിൽക്കാതെ അഭിനവ് വിടപറഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.