മോഷണക്കേസിൽ പ്രതികളായ ദമ്പതികൾ 12 വർഷത്തിന് ശേഷം പിടിയിൽ

Mail This Article
ചേർത്തല∙ പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. കളവംകോടം സ്വദേശിനിയായ പുഷ്പകുമാരിയിൽ നിന്നു പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളായ കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡിൽ കരോട്ടു പറമ്പിൽ സതീശൻ(സജി 48), ഭാര്യ തൃശൂർ മേലൂർ പഞ്ചായത്ത് 6-ാം വാർഡിൽ അയ്യൻ പറമ്പിൽ പ്രസീത(44) എന്നിവരെയാണ് ചേർത്തല പൊലീസ് ഇന്നലെ തൃപ്പൂണിത്തുറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കളവംകോടം സ്വദേശിനി പുഷ്പകുമാരിക്ക് ഉടൻ ജോലി കിട്ടാനായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലിൽ കെട്ടി വയ്ക്കണമെന്നും 15,000 രൂപയുടെ സ്വർണ താലിയും ലോക്കറ്റും അലമാരയിലും സൂക്ഷിക്കണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് ദമ്പതികൾ കൊണ്ടുവന്ന ചുവന്ന പട്ടു തുണിയിൽ പൊതിഞ്ഞ് പണവും ആഭരണങ്ങളും പുഷ്പകുമാരി വീട്ടിൽ പലയിടങ്ങളിൽ വച്ചു. 6 ദിവസം പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച ശേഷം പ്രതികൾ തന്ത്രപൂർവം സ്വർണവും പണവും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ യുവതി ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ഒന്നാം പ്രതിയായ സതീശനെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രസീത ഒളിവിൽ പോയിരുന്നു.
കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികൾ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ കോടതി ഇരുവർക്കുമെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇരുവരെയും കണ്ടെത്തുന്നതിനായി ചേർത്തല എഎസ്പി ഹരീഷ് ജെയിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചേർത്തല സ്റ്റേഷൻ ഓഫിസർ ജി. അരുൺ, എസ്.ഐ. എസ്. സുരേഷ്, എഎസ്ഐ, ബിജു കെ.തോമസ്, സീനിയർ സിപിഒമാരായ ജോർജ് ജോസഫ്, ഉല്ലാസ്, പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.