നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു; ആശങ്കയിൽ കർഷകർ

Mail This Article
എടത്വ ∙ പുളിയിളക്കത്തിനു പിന്നാലെ ഓരു വെള്ളത്തിന്റെ ഭീഷണി കൂടിയായതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു. പല പാടത്തും ഈന്നു നിരക്കുന്ന സമയത്താണു നെൽച്ചെടികൾ കരിയുന്നത്. ആയിരക്കണക്കിനു തുക ചെലവഴിച്ച് കൃഷിചെയ്ത പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.ഓരിന്റെ സാന്ദ്രത കുറയ്ക്കാൻ മണിയാർ ഡാം തുറന്നു വെള്ളം ഒഴുക്കി വിട്ടെന്നു പറയുന്നുണ്ടെങ്കിലും വെള്ളം ഒഴുകിയെത്തി ഉപ്പിന്റെ സാന്ദ്രത കുറയാൻ ദിവസങ്ങൾ എടുക്കും.
വെള്ളം ലഭിക്കാത്തതിനാൽ ഇപ്പോൾതന്നെ പല പാടശേഖരത്തും നെല്ല് വെങ്കതിരായി മാറിക്കഴിഞ്ഞു.കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വൻ തോതിൽ ചെളിക്കട്ടയുടെ പുളി ഇറങ്ങുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞിട്ടും കൃഷി വകുപ്പ് അധികൃതർ നടപടി എടുത്തില്ല. ഇതു കാരണം ഇക്കുറി വൻതോതിൽ വിളവു കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ഇതിനിടയിൽ കടുത്ത ചൂടു കാരണം നെൽച്ചെടികൾ ഉണങ്ങി തുടങ്ങി.