നാട്ടുകാരുടെ വഴിമുടക്കി റോഡ് നിർമാണം

Mail This Article
മാന്നാർ∙ ടാറിങ് ഇളിക്കിയിട്ടിട്ട് ഒരു മാസമായിട്ടും നിർമാണം പൂർത്തിയാകാത്തതോടെ ആലുംമൂട് ജംക്‌ഷൻ– വഴിയമ്പലം റോഡ്. സംസ്ഥാന പാതയിലെ മാന്നാർ സ്റ്റോർ ജംക‌്‌ഷനു തെക്കു നിന്നു ചെന്നിത്തല വഴി തട്ടാരമ്പലത്തിനും ഹരിപ്പാടിനും പോകുന്ന റോഡാണ് ടാറിങ്ങിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കിയിട്ടിരിക്കുന്നത്. ഇതോടെ മാന്നാർ പഞ്ചായത്തിലെ 17, 18 വാർഡുകളിലൂടെ കടന്നു പോകുന്ന വഴിയിലൂടെ കാൽ നട യാത്ര പോലും അസാധ്യമായി. ചാങ്ങയിൽ മുക്ക്– ആലുംമൂട് – വഴിയമ്പലം റോഡു നവീകരണത്തിന്റെ ഭാഗമായി പകുതി ഭാഗത്തെ ടാറിങ് മാത്രമാണ് പൂർത്തിയായത്. ഇതുവഴിയുള്ള ബസ് സർവീസുകൾ വരെ നിർത്തിവച്ചിരിക്കുകയാണ്.
ബസ് സർവീസുകൾ നിലച്ചതോടെ നാട്ടുകാർ ഒരു കിലോമീറ്ററിലധികം നടന്നു പ്രധാന പാതയിലെത്തിയാണ് ബസ്സിൽ കയറുന്നത്.ഇതു വഴി വരുന്ന ഇരുചക്രവാഹനങ്ങളും സ്ഥിരമായി അപകടത്തിൽ പെട്ടിരുന്നു. റോഡിന്റെ ടാറിങ് വൈകുന്നതു കാരണം മാന്നാർ കുരട്ടിശേരി പുഞ്ചയിലെ വേനൽ കൃഷിക്കാവശ്യമായ സാമഗ്രികൾ കൊണ്ടു പോകുന്നതിനായി കർഷകർ ബുദ്ധിമുട്ടുകയതാണ്. അടുത്തമാസം കൊയ്ത്തു തുടങ്ങുമ്പോൾ റോഡ് നിർമാണം പൂർത്തിയായില്ലെങ്കിൽ കർഷകരുടെ ബുദ്ധിമുട്ട് ഇരട്ടിയാകും. 20–ൽ പരം സ്കൂൾ ബസുകൾ കടന്നു പോകുന്ന പാത കൂടിയാണിത്. പരീക്ഷയടുത്തിരിക്കെ റോഡ് നിർമാണം വൈകുന്നതോടെ വിദ്യാർഥികളും ബുദ്ധിമുട്ടിലായി.
റോഡ് പൊളിച്ചപ്പോൾ പെൻഷൻ ഭവൻ വഴിയുളള സമാന്തര പാത ഉപയോഗിക്കണമെന്ന് പൊതുമരാമത്തു വകുപ്പ് എൻജിനീയറുടെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ പെൻഷൻ ഭവൻ വഴിയുളള ഇടുങ്ങിയ റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി തൃക്കുരട്ടി ക്ഷേത്രത്തിലേക്കുളള കെട്ടുകാഴ്ചകളുടെ പോക്കുന്നതിനും റോഡ് നിർമാണം വൈകുന്നത് പ്രതിസന്ധിയാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് ഉടൻ റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.