വ്യാപാരിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

Mail This Article
ആലപ്പുഴ ∙ മദ്യപിക്കാൻ പണം കൊടുക്കാതിരുന്ന വിരോധത്തിൽ വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മണ്ണഞ്ചേരി പള്ളിവെളി വീട്ടിൽ താമസിക്കുന്ന വള്ളികുന്നം കടുവിനാൽ പനച്ചുവിള കോളനിയിൽ ഫൈസലിന് (34) ജീവപര്യന്തം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. ആലപ്പുഴ മുല്ലയ്ക്കൽ ആൽത്തറ ഗണപതി ക്ഷേത്രത്തിനു സമീപം പൂ വ്യാപാരം നടത്തിവന്ന ചാത്തനാട് പോത്തനാട് കണ്ടത്തിൽ വീട്ടിൽ അജി(45) കൊല്ലപ്പെട്ട കേസിലാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയ് വർഗീസ് ശിക്ഷ വിധിച്ചത്. അജിയോട് പ്രതി മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൊടുക്കാൻ തയാറായില്ല.
ഇതേ തുടർന്ന് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് അജിയെ പ്രതി കുത്തുകയായിരുന്നു. 2017 ജൂൺ 28ന് വൈകിട്ട് 5നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അജി രാത്രി 12ന് മരിച്ചു. ഒട്ടേറെ കേസുകളിൽ പ്രതിയായ ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു സെൻട്രൽ ജയിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. നോർത്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി. സന്തോഷ്കുമാറാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയത്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.