തൊട്ടുപിറകിൽ ഗർഡർ വീണു, ജോസും 3 വയസ്സുകാരി മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
ആലപ്പുഴ ∙ കോൺക്രീറ്റ് ഗർഡറുകൾ ഒന്നിച്ചു നിലത്തേക്കു വീണതോടെ പ്രദേശമാകെ പൊടി മൂടിയെന്നു ബൈപാസിനു സമീപത്തെ തൈപ്പറമ്പിൽ വീട്ടിൽ സി.ജെ.ഫിലിപ്പും കുടുംബവും പറഞ്ഞു. ഫിലിപ് വീടിനു മുൻപിലെ കസേരയിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ എമിലി കുട്ടികൾക്കു ട്യൂഷൻ എടുക്കുകയും പ്ലസ്ടു വിദ്യാർഥിയായ മകൻ നോയൽ ജൂഡ് പരീക്ഷയ്ക്കായി പഠിക്കുകയുമായിരുന്നു.
‘‘ഗർഡറുകൾ താഴേക്കു വീണതോടെ വലിയ ശബ്ദം കേട്ടു. പൊടിയും ഉയർന്നു. വീടിനു പുറത്തിറങ്ങി നോക്കുമ്പോൾ അടുത്തെങ്ങും ആരുമില്ല. തൊട്ടടുത്ത തൂണിന്റെ മുകളിൽ ഒരു അതിഥിത്തൊഴിലാളി നിൽക്കുന്നതു കണ്ടു. അയാളോടു ദൂരേക്കു മാറാൻ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ടെന്റിൽ നിന്നു തൊഴിലാളികൾ പുറത്തേക്കു വന്നു. ഗർഡറുകൾക്കു താഴെ ആരുമില്ലെന്ന് അവരാണു നോക്കി പറഞ്ഞത്’’– കൺമുന്നിൽ വലിയൊരു അപകടം കണ്ടതിന്റെ ഞെട്ടൽ മാറാതെ മൂവരും പറഞ്ഞു. തകർന്നു വീണ ഗർഡറുകൾക്കു സമീപത്തെ മറ്റു ഗർഡറുകളിൽ നിർമാണത്തൊഴിലാളികൾ ജോലി ചെയ്തു കൊണ്ടിരിക്കെയായിരുന്നു അപകടം. ഇവരെ പിന്നീടു കരാർ കമ്പനിയുടെ ലിഫ്റ്റിങ് സൗകര്യമുള്ള വാഹനമെത്തിയാണു താഴെയിറക്കിയത്.
തൊട്ടുപിറകിൽ ഗർഡർ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഗർഡറുകൾ നിലംപതിക്കുന്നതിനു തൊട്ടുമുൻപ് അതേ ഗർഡറുകൾക്കു താഴെക്കൂടി നടന്ന കുരിശിങ്കൽ വീട്ടിൽ സ്നേഹ ജോസും മകൾ 3 വയസ്സുകാരി ഇസയും രക്ഷപ്പെട്ടതു ഭാഗ്യംകൊണ്ട്. ഇവരുടെ വീട്ടിലേക്കു വരികയായിരുന്ന യുവാവും കഷ്ടിച്ചാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിമാറിയില്ലായിരുന്നെങ്കിൽ ഗർഡർ ഈ യുവാവിന്റെ തലയിൽ പതിക്കുമായിരുന്നു. അങ്കണവാടി ടീച്ചറായ സ്നേഹയും ഭർത്താവ് ഡൊമിനിക് ഫ്രാൻസിസും അപകടമുണ്ടായ ഗർഡറുകൾക്കു തൊട്ടു പടിഞ്ഞാറു ഭാഗത്തെ വീട്ടിലാണു താമസിക്കുന്നത്. ഇവർക്കു വീട്ടിൽ നിന്നു റോഡിലേക്കെത്താൻ ഈ ഗർഡറുകൾക്കടിയിലൂടെ നടക്കണം. കുട്ടികൾ കളിക്കുന്നതും വീട്ടിലേക്ക് അതിഥികൾ എത്തുമ്പോൾ വാഹനങ്ങൾ നിർത്തിയിടുന്നതും ഇതേ ഗർഡറുകൾക്കു താഴെ.

സ്നേഹയും മകളും വീട്ടിൽ നിന്നിറങ്ങി 10 മിനിറ്റിനു ശേഷമാണ് അപകടം. അതിനിടെ ടോണിയുടെ സഹോദരൻ പ്രിൻസിനെ കാണാനാണു സുഹൃത്ത് അഖിൽ ഇവിടേക്കു വന്നത്. അഖിൽ ഗർഡറുകൾക്കു താഴെക്കൂടി നടക്കുമ്പോഴാണ് അപകടം. ശബ്ദം കേട്ട് ഓടിമാറുകയായിരുന്നു. ഗർഡറുകൾ വീണ ആഘാതത്തിൽ വീടിനും മതിലിനും വിള്ളലുണ്ടായെന്നു ഡൊമിനിക് പറഞ്ഞു. സീവ്യൂ വാർഡിൽ മെൽവിൻ ഡിക്രൂസിന്റെ പോർച്ചിന്റെ ഭിത്തിക്കും കേടുപാടുകളുണ്ടായി.
ഗർഡറുകൾ തകർന്നതിൽ സമഗ്ര അന്വേഷണം വേണം: കെ.സി
ആലപ്പുഴ ∙ ബീച്ച് ഭാഗത്തെ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകൾ തകർന്ന വീണ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നു കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് സാങ്കേതിക സംഘത്തെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് എംപി കത്തു നൽകി.

തിരക്കേറിയ സ്ഥലത്താണ് അപകടം ഉണ്ടായത്. തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആ പരിസരത്ത് ഇല്ലാത്തതിനാലാണു വലിയ അപകടം ഒഴിവായത്. ഉയരപ്പാതയുടെ നിർമാണ ജോലിക്കായുള്ള തൊഴിലാളികൾ താമസിക്കുന്നതിനു സമീപത്തെ ഗർഡറാണ് തകർന്നത്. ഇത് ഈ പദ്ധതിയുടെ നിർമാണ നിലവാരത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
അപകടം പ്രദേശവാസികളെ ഒന്നടങ്കം അസ്വസ്ഥരാക്കുന്നതും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക വർധിപ്പിക്കുന്നതുമാണ്. നിർമാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത സംശയനിഴലിലാണ്. നിമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.

30 അടി ഉയരത്തിൽ നിന്നു പതിച്ചത് 90 ടണ്ണോളമുള്ള കോൺക്രീറ്റ് ഗർഡറുകൾ
ആലപ്പുഴ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മേൽപാലത്തിലെ രണ്ടു തൂണുകൾക്കിടയിൽ സ്ഥാപിച്ച 4 കോൺക്രീറ്റ് ഗർഡറുകളാണ് തകർന്നുവീണത്. നിർമാണത്തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡുകൾക്കു മുകളിലേക്കാണു 90 ടണ്ണോളം ഭാരം വരുന്ന ഗർഡറുകൾ 30 അടി ഉയരത്തിൽ നിന്നു പതിച്ചത്. സംഭവസമയത്തു ഷെഡിനുള്ളിലും മേൽപാലത്തിനടിയിലും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടമുണ്ടായതിനു തൊട്ടടുത്ത തൂണിലെ ഗർഡറുകളിൽ നിർമാണ ജോലികളുമായി തൊഴിലാളികൾ ഈ സമയം ഉണ്ടായിരുന്നു.
ദേശീയപാത 66ന്റെ ഭാഗമായി ആലപ്പുഴ ബൈപാസിൽ നിർമിക്കുന്ന രണ്ടാമത്തെ മേൽപാലത്തിൽ 2 മാസം മുൻപു സ്ഥാപിച്ച ഗർഡറുകളാണ് തിങ്കൾ രാവിലെ 10.45നു തകർന്നുവീണത്. രാജ്യത്തെ ദേശീയപാതകളിൽ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയും മാനദണ്ഡങ്ങളും പ്രകാരം നിർമിച്ച ഗർഡറുകളാണു തകർന്നു വീണതെന്നും ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് പറഞ്ഞു.
അപകടത്തെക്കുറിച്ചു ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് എൻഐടിയിൽ നിന്നുള്ള വിദഗ്ധസംഘം ഇന്നു പരിശോധനയ്ക്കെത്തും. റെയിൽവേ എൻജിനീയർമാർ ഉൾപ്പെട്ട സമിതിയെയും വിദഗ്ധാഭിപ്രായം തേടി സമീപിക്കാൻ ദേശീയപാത അതോറിറ്റി ആലോചിക്കുന്നു. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നു കലക്ടർ അലക്സ് വർഗീസ് അറിയിച്ചു.
ഗർഡറുകൾ തമ്മിൽ മധ്യഭാഗത്തു പരസ്പരം ബന്ധിപ്പിക്കാതിരുന്നതും (ക്രോസ് ബ്രേസിങ്) ഗർഡറുകളും തൂണുകളും തമ്മിലുള്ള ബന്ധിപ്പിക്കൽ ശരിയാകാതിരുന്നതുമാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തുറവൂർ ഉയരപ്പാത ഉൾപ്പെടെ നിർമിക്കുന്ന ഹരിയാന ആസ്ഥാനമായ കെസിസി ബിൽഡ്കോൺ എന്ന കമ്പനി തന്നെയാണ് ഈ മേൽപാലവും നിർമിക്കുന്നത്. 13 മീറ്റർ വീതിയിൽ മൂന്നുവരിപ്പാതയാണിത്. ഗർഡറുകൾ വീണ ആഘാതത്തിൽ പ്രദേശത്തെ അഞ്ചോളം വീടുകളിലെ ഭിത്തിയിൽ വിള്ളലുണ്ടായി.