‘സാധനം’ കയ്യിലുണ്ടോ, പിടിവീഴും; എക്സൈസ് പരിശോധനകൾ കർശനമാക്കുന്നു

Mail This Article
ആലപ്പുഴ ∙ ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കുന്നു. കഴിഞ്ഞ മാസം മാത്രം 89 ലഹരിമരുന്നു കേസുകളാണു റജിസ്റ്റർ ചെയ്തത്. ട്രെയിനുകളിലും ബസുകളിലും പരിശോധന കൂടുതൽ ശക്തമാക്കും. വൻ ലഹരി വേട്ടകളിൽ പ്രതിയുടെ 6 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷം അതു ലഹരിമരുന്ന് ഇടപാടിലൂടെയാണെന്നു ബോധ്യമായാൽ സ്വത്ത് കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്. അതും കർശനമാക്കുമെന്ന് ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ അറിയിച്ചു.
ജില്ലയിലേക്കുള്ള ലഹരി വരവ് എങ്ങനെ?
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നു ട്രെയിനിലും ചരക്കു വാഹനങ്ങളിലുമായാണു കഞ്ചാവ് ഇവിടെ എത്തുന്നത്. അവിടെ നിന്നു വാങ്ങി ഇവിടെ ചില്ലറ വിൽപന നടത്തുമ്പോഴുള്ള ലാഭം നോക്കിയാണ് ചിലർ കച്ചവടത്തിനിറങ്ങുന്നത്. മുൻപ് ട്രെയിനിലെ ജനറൽ കോച്ചുകളിൽ നിന്നാണു കഞ്ചാവ് പിടിച്ചിരുന്നത്. ഇപ്പോൾ ട്രോളി ബാഗിൽ വച്ച് എസി കോച്ചിലാണു കടത്ത്. കണ്ടെത്താൻ പ്രയാസമാണ്. അതിഥിത്തൊഴിലാളികളും വലിയ തോതിൽ കഞ്ചാവ് കടത്തുന്നതായി മനസ്സിലായി. അവരുടെ ഇടയിൽ പരിശോധന കർശനമാക്കും.
ബെംഗളൂരു, ഡൽഹി നഗരങ്ങളിൽ നിന്നാണു രാസലഹരി എത്തുന്നത്. അവിടെ പഠിക്കുന്ന വിദ്യാർഥികളിൽ ചിലർ സ്ഥിരം കാരിയർമാരാണ്. കർശന പരിശോധനയ്ക്കാണു തീരുമാനം. ഡാർക് വെബ് വഴി ഓർഡർ ചെയ്തു കുറിയർ വഴി വിലയേറിയ രാസലഹരി എത്തുന്നുണ്ട്. ഡാർക് വെബിലെ ഓർഡറുകൾ നിരീക്ഷിക്കാൻ എക്സൈസിനു സംവിധാനമില്ല.പക്ഷേ, പോസ്റ്റ് ഓഫിസുകൾ, കുറിയർ ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ടു നടത്തുന്ന രഹസ്യാന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. കഴിഞ്ഞ വർഷം നഗരത്തിൽ വലിയൊരു രാസലഹരി വേട്ട നടന്നത് ഇങ്ങനെയാണ്.
കോവിഡിനു ശേഷം ലഹരി ഉപയോഗം കൂടിയോ?
കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ ലഹരിമരുന്ന് പിടിച്ചെടുത്തത്. വീട്ടിൽ മുറിക്കകത്ത് അടച്ചിരിക്കുമ്പോൾ യുവാക്കൾ എന്താണു ചെയ്യുന്നതെന്നു വീട്ടുകാർ അറിയുന്നില്ല. കോവിഡിനു ശേഷം യുവാക്കളുടെ സ്വഭാവത്തിൽ ഉൾപ്പെടെ മാറ്റം വന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഉണർവ് എന്ന പദ്ധതിയിലൂടെ സ്കൂളുകൾ കേന്ദ്രീകരിച്ചും നേർക്കൂട്ടം പദ്ധതി വഴി കോളജുകളിലും ബോധവൽക്കരണം നടത്തുന്നുണ്ട്. ഇതു ശക്തമാക്കും. വാർഡ്തല ജനജാഗ്രതാ സമിതികളും ശക്തമാക്കും.
സിനിമകളിലെ ലഹരി ഉപയോഗം?
സിനിമകളിലും സമൂഹ മാധ്യമങ്ങളിലും ലഹരി ഉപയോഗം സാമാന്യവൽക്കരിച്ചും നായകന്റെ ശീലമായും മറ്റും കാണിക്കുന്നതു തീർച്ചയായും സ്വാധീനിക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് അവസാനം എന്താണു ഗതിയെന്നു സിനിമ പറയുന്നില്ല. രാസലഹരിക്ക് അടിമപ്പെടുന്നവർ 7 വർഷത്തിനകം മാരകരോഗബാധിതരാകുമെന്നും ദുരിതമനുഭവിച്ചാകും മരണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കൈകോർത്ത് മനോരമ
ലഹരിയുടെ മാരകമായ വലക്കണ്ണികൾ പൊട്ടിക്കുന്നതിനും യുവത്വത്തെയും വിദ്യാർഥികളെയും നാശത്തിൽ നിന്നു രക്ഷിക്കുന്നതിനുമുള്ള എക്സൈസ് വകുപ്പിന്റെ പരിപാടികളുമായി മലയാള മനോരമയും കൈകോർക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുസ്ഥലങ്ങളിലോ ഉൾപ്പെടെയുള്ള ലഹരി വിൽപന, കടത്ത്, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളും കുട്ടികളിൽ കാണുന്ന സ്വഭാവമാറ്റം ഉൾപ്പെടെ ആശങ്ക തോന്നുന്ന കാര്യങ്ങളും മനോരമയെ അറിയിക്കാം.
എക്സൈസ് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തി ഈ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ മനോരമ ശ്രമിക്കും. 87146 15261 എന്ന നമ്പറിൽ വാട്സാപ് വഴിയോ മലയാള മനോരമ, കളപ്പുര ജംക്‌ഷൻ, പിബി നമ്പർ 2626, ആലപ്പുഴ, 688007 എന്ന വിലാസത്തിൽ തപാൽ വഴിയോ അറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
നേരിടാം; ഒറ്റക്കെട്ടായി
ലഹരിക്കെതിരായുള്ള പോരാട്ടത്തിൽ രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും വേണമെന്നു ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വിനോദ് കുമാർ പറഞ്ഞു. 0477 2252049 എന്ന എക്സൈസ് കൺട്രോൾ റൂം നമ്പറിലോ 94471 78056 എന്ന ഡപ്യൂട്ടി കമ്മിഷണറുടെ നമ്പറിലോ വിവരങ്ങൾ അറിയിക്കാം.