‘എടാ ചാടല്ലേടാ... പ്ലീസ്’: ആ അലറി വിളിയുടെ മുന്നിൽ യുവാവ് ഒരു നിമിഷം പകച്ചു; അതിസാഹസികമായി രക്ഷപ്പെടുത്തി നിഷാദ് - വിഡിയോ

Mail This Article
ഹരിപ്പാട് ∙ ‘എടാ ചാടല്ലേടാ... പ്ലീസ് ചാടല്ലേ’ തുടർച്ചയായുള്ള ആ അലറി വിളിയുടെ മുന്നിൽ യുവാവ് ഒരു നിമിഷം പകച്ചു. ‘അപ്പോഴേക്കും ട്രെയിൻ പാഞ്ഞു വരുന്നുണ്ടായിരുന്നു. പാളത്തിലൂടെ ഓടി അവന്റെ അടുത്ത് എത്തിയപ്പോഴേക്കും അവൻ പാളത്തിൽ നിന്ന് മാറി. അവനെ കടന്നു പിടിച്ചതും ട്രെയിൻ കടന്നു പോയതും ഒരുമിച്ചായിരുന്നു.’ അതിസാഹസികമായി യുവാവിനെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തിയ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എ.നിഷാദ് ഒരു ജീവൻ കൂടി രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ്.
ഇന്നലെ രാവിലെ 7 മണിയോടെ തൃപ്പക്കുടം റെയിൽവേ ഗേറ്റിനും ബ്രഹ്മാനന്ദപുരം റെയിൽവേ ഗേറ്റിനും ഇടയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് സംഭവം. യുവാവിനെ കാണാനില്ലെന്ന പരാതി രാവിലെ ലഭിച്ചിരുന്നു. വീട്ടുകാരോട് പിണങ്ങി ഇറങ്ങിയതായിരുന്നു യുവാവ്.
യുവാവിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബ്രഹ്മാനന്ദപുരം റെയിൽവേ ഗേറ്റിനു സമീപമുണ്ടെന്നു മനസ്സിലായി. ഉടനടി നിഷാദ് റെയിൽവേ ഗേറ്റിനു സമീപമെത്തി. ഗേറ്റിനു നൂറു മീറ്റർ ദൂരെ കാടിനു സമീപം യുവാവ് നിൽക്കുന്നതു ഗേറ്റ് കീപ്പർ കാണിച്ചു കൊടുത്തു. ഉടൻ ട്രാക്കിലൂടെ നിഷാദ് അവന്റെ സമീപത്തേക്ക് ഓടി.
ട്രെയിൻ വരുന്നതു കണ്ടതോടെ യുവാവ് ട്രാക്കിലൂടെ നടക്കാൻ തുടങ്ങി. ലോക്കോപൈലറ്റ് യുവാവിനെ കണ്ട് നിർത്താതെ ഹോൺ മുഴക്കുന്നുണ്ടായിരുന്നു. യുവാവ് ട്രാക്കിൽ നിന്നു മാറി നിന്നതും നിഷാദ് ചാടി അവനെ പിടിച്ചുകൊണ്ട് ട്രാക്കിനു സമീപം കിടന്നു. അപ്പോഴേക്കും ട്രെയിൻ കടന്നു പോയിരുന്നു.
ബിടെക് ബിരുദധാരിയായ യുവാവിനു കൗൺസലിങ് നൽകിയാണു വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ച ശേഷം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയതും നിഷാദായിരുന്നു.