ദേശീയപാത മേൽപാലത്തിലെ ഗർഡർ തകർച്ച: തൊഴിലാളികൾക്കു വീഴ്ച വന്നെന്നു നിർമാണക്കരാർ കമ്പനി

Mail This Article
ആലപ്പുഴ ∙ ദേശീയപാതയിൽ നിർമാണത്തിലിരുന്ന മേൽപാലത്തിലെ നാലു ഗർഡറുകൾ തകർന്നു വീണ സംഭവത്തിൽ തൊഴിലാളികൾക്കു വീഴ്ച വന്നെന്നു നിർമാണക്കരാർ കമ്പനിയായ കെസിസി ബിൽഡ്കോൺ അധികൃതർ. ഇന്നലെ അപകടസ്ഥലം സന്ദർശിച്ച കെ.സി.വേണുഗോപാൽ എംപിയോടാണു തൊഴിലാളികൾക്കു വീഴ്ച സംഭവിച്ചതായി അധികൃതർ പറഞ്ഞത്. അപകടദിവസം സൈറ്റ് എൻജിനീയർ സ്ഥലത്തില്ലായിരുന്നു. 18–19 തൂണുകൾക്കു മുകളിൽ സ്ഥാപിച്ച ഗർഡറുകളുടെ പ്ലാങ്ക് (തടിക്കഷണം പോലെയുള്ള സാധനം) ഇളക്കിമാറ്റാൻ ഫോണിൽ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തൊഴിലാളികൾ 17–18 തൂണുകൾക്കിടയിലെ ഗർഡറുകളുടെ പ്ലാങ്ക് ആണ് ഇളക്കി മാറ്റിയത്. മൂന്നു ഗർഡറുകളുടെ പ്ലാങ്ക് ഇളക്കിയതിനു ശേഷം നാലാമത്തെ ഗർഡറിന്റെ പ്ലാങ്ക് ഇളക്കുമ്പോഴാണു ഗർഡറുകൾ നിരങ്ങിമാറി താഴെ വീണതെന്നും ഇക്കാര്യം തൊഴിലാളികൾ സമ്മതിച്ചതായും അധികൃതർ വിശദീകരിച്ചു. അപകടസ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥ സംഘവും ബ്രിജ് എൻജിനീയറിങ് വിദഗ്ധനും ഗർഡർ ഉയർത്തി സ്ഥാപിക്കുന്നതിൽ വന്ന വീഴ്ചയാണ് അപകടകാരണമെന്നു വിലയിരുത്തിയിരുന്നു. ഇവർ നിർദേശിച്ചപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റു ഗർഡറുകൾ പരസ്പരം ബന്ധിപ്പിച്ചു ക്രോസ് ബ്രേസിങ് ചെയ്യുന്നുണ്ട്.
തകർന്നു വീണതിനു തൊട്ടരികിലുള്ള ഗർഡറുകളുടെ ക്രോസ് ബ്രേസിങ് പൂർത്തിയായി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ഉപരിതല ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കെ.സി.വേണുഗോപാൽ എംപി വ്യക്തമാക്കി. അപകട കാരണം വ്യക്തമായിട്ടേ തുടർനിർമാണ പ്രവൃത്തികൾ ആരംഭിക്കാവൂ എന്നു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഗർഡറുകൾ തകർന്നു വീണ സംഭവം ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ചെറിയ വീഴ്ചയാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഘടനാപരമായ പിശക് ഇതിനു പിന്നിലുണ്ടാകാം എന്നാണു ജനങ്ങൾ പറയുന്നത്.
അതിനാൽ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. അപകടകാരണം വ്യക്തമായ ശേഷം തുടർനിർമാണം നടത്താം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനു ജില്ലയ്ക്കു മാത്രമായി ഒരു ലെയ്സൻ ഓഫിസർ വേണം. പിഎസി യോഗത്തിൽ ഗർഡർ തകർന്ന സംഭവം ചർച്ചയ്‌ക്കെടുത്തപ്പോൾ എൻഎച്ച്എഐ ചെയർമാനെയും അംഗങ്ങളെയും വിളിച്ചുവരുത്തി വിശദീകരണം തേടി. എൻഎച്ച്എഐ നിലവിൽ ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപീകരിച്ചു പരിശോധന നടത്തുന്നുണ്ട്. ഉപരിതല ഗതാഗത വകുപ്പിനോടും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അവർ മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ഗർഡറുകൾ വീണപ്പോഴുണ്ടായ കുലുക്കത്തിൽ സമീപത്തെ വീടുകൾക്കുണ്ടായ കേടുപാട് പരിഹരിച്ചു നൽകണമെന്നു നിർമാണക്കമ്പനിയോടു കെ.സി നിർദേശിച്ചു. വീട്ടുകാർ നൽകിയ നിവേദനം പരിഗണിച്ചാണിത്.