ബിഎസ്എൻഎൽ: സംസ്ഥാനത്ത് പൂർണമായും 4ജി സേവനത്തിലേക്ക് മാറിയ ആദ്യ ജില്ലയായി ആലപ്പുഴ

Mail This Article
ആലപ്പുഴ∙ കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ 3ജി മൊബൈൽ ടവറുകളും 4ജി േസവനത്തിലേക്കു മാറ്റിയ ആദ്യ ജില്ലയായി ആലപ്പുഴ. ജില്ലയിൽ നിലവിലുള്ള 312 2ജി, 3ജി മൊബൈൽ ടവറുകളും കഴിഞ്ഞ ദിവസം 4ജി സേവനത്തിലേക്കു മാറി. ഇതു കൂടാതെ പുതുതായി അനുവദിച്ച 31 ടവറുകളിൽ 10 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്. ബാക്കിയുള്ള 21 ടവറുകൾ കൂടി 31ന് ഉള്ളിൽ പ്രവർത്തന സജ്ജമാകും. ആലപ്പുഴ ബീച്ച്, കലക്ടറേറ്റിൽ വാഹനത്തിൽ ഘടിപ്പിച്ച ടവർ, പരുമല ആശുപത്രിക്കു സമീപത്തെ ടവർ എന്നിവയാണ് അവസാനഘട്ടത്തിൽ 4ജി സേവനത്തിലേക്കു മാറിയത്.
യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് 500 സാച്ചുറേഷൻ പ്രോജക്ടിനു കീഴിൽ അനുവദിക്കപ്പെട്ട നാലു 4ജി സാച്ചുറേഷൻ മൊബൈൽ ടവറുകളിൽ രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉളവയ്പ്, കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള രണ്ടു ടവറുകളും 31ന് ഉള്ളിൽ പ്രവർത്തനമാരംഭിക്കും. ജില്ലയിലാകെ 6 ലക്ഷത്തിലേറെ മൊബൈൽ വരിക്കാരാണു ബിഎസ്എൻഎലിനുള്ളത്. ഞായറാഴ്ചകളിൽ ഉൾപ്പെടെ പ്രത്യേക ക്യാംപുകൾ നടത്തി വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നുമുണ്ട്. ചെട്ടികുളങ്ങര കുംഭ ഭരണിയോട് അനുബന്ധിച്ചും തടസ്സമില്ലാതെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.