അരക്കിലോമീറ്റർ സഞ്ചരിക്കാൻ പൊലീസിന് മടി; തിരിഞ്ഞു നോക്കിയില്ല: മോഷ്ടാവ് മുങ്ങി!

Mail This Article
എടത്വ ∙ മോഷണം നടന്ന വിവരം 500 മീറ്റർ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ട് തിരിഞ്ഞു നോക്കാതെ പൊലീസ്. ആക്രി പെറുക്കി നടക്കുന്ന മോഷ്ടാവ് അതിനിടെ മുങ്ങുകയും ചെയ്തു. എടത്വ പള്ളിപ്പാലത്തിനു സമീപം മാലി ജ്വല്ലറി നടത്തുന്ന എം.കെ. ജോർജിന്റെ മകൻ ജിം മാലിയിലിന്റെ 7000 രൂപയും ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകളുമടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. ഞായറാഴ്ച രാവിലെ 10.30 മണിയോടെ ആയിരുന്നു ബാഗ് നഷ്ടപ്പെട്ടത്. ഞായറാഴ്ച ആയതിനാൽ കട വൃത്തിയാക്കുന്നതിന് എത്തിയതായിരുന്നു ജിം. കയ്യിലിരുന്ന ബാഗ് കടയുടെ മുന്നിലെ അരമതിലിൽ വച്ച് ഷട്ടർ തുറന്ന് അകത്തുകയറിയ ശേഷം തിരികെ എത്തിയപ്പോൾ ബാഗ് കാണാതാകുകയായിരുന്നു. അപ്പോൾത്തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
എന്നാൽ സംഭവസ്ഥലം സന്ദർശിക്കാനോ പ്രതിയെ കണ്ടുപിടിക്കാനോ പൊലീസ് എത്തിയില്ല. മോഷണം നടന്ന് 24 മണിക്കൂറിനു ശേഷം ഇന്നലെ രാവിലെ പഞ്ചായത്തിലെ ജനപ്രതിനിധികൾ എത്തിയ ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പകൽ ആക്രി പെറുക്കി നടക്കുകയും രാത്രി സ്ഥിരമായി ഇതേ കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയും ചെയ്യുന്ന ആളാണ് ബാഗ് അടിച്ചുമാറ്റിയത്.പഞ്ചായത്തംഗങ്ങൾ ഇയാളെ കണ്ടെത്തി തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും ഉടൻ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. എന്നാൽ വൈകിട്ട് 5 മണിയായിട്ടും പൊലീസ് എത്തിയില്ല. ഇതിനിടയിൽ മോഷണം നടത്തിയ ആൾ മുങ്ങുകയും ചെയ്തു.