വരിനെല്ലിനെ കരിയിച്ചു കളയുന്ന വീഡ് വൈപ്പർ കർഷകരിലേക്ക്

Mail This Article
കുട്ടനാട്∙ കുട്ടനാട്ടിലെ കർഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്ന വരിനെല്ലിനെ കരിയിച്ചു കളയുന്ന വീഡ് വൈപ്പർ കർഷകരിലേക്ക്. ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ രാജ്യത്തു നടപ്പിലാക്കുന്ന ഏകോപിത നെല്ല് ഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാട്ടിലെ 120 പട്ടികജാതി കർഷകർക്കു സൗജന്യമായി വീഡ് വൈപ്പർ നൽകും. 2021ൽ പേറ്റന്റ് ലഭിച്ച ഉപകരണം 2024ൽ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പരിഷ്കരിച്ച വീഡ് വൈപ്പർ കർഷകർക്കു കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും നെല്ലിൽ കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്.
നെല്ലിലെ പ്രധാന കളയായ വരിനെല്ലിനെ ശാസ്ത്രീയമായ രീതിയിൽ കിളിർപ്പിച്ചു നശിപ്പിക്കുന്നതും കളനാശിനി പ്രയോഗിച്ചു വരിനെല്ലിന്റെ കിളിർപ്പിനെ പ്രതിരോധിക്കുന്നതും വീഡ് വൈപ്പർ ഉപയോഗിച്ചു വരി കതിരുകളെ മാത്രമായി കരിയിച്ചു കളയുന്നതുമായി സംയോജിത നിയന്ത്രണ മാർഗങ്ങൾ കർഷകരുമായി പങ്കുവച്ചു. വീഡ് വൈപ്പർ വിതരണം ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ കാർഷിക സെമിനാർ നെല്ലു ഗവേഷണ കേന്ദ്രം മേധാവി ഡോ. എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെല്ലിലെ സംയോജിത കള നിയന്ത്രണത്തെ കുറിച്ചു ഡോ. നിമ്മി ജോസും മണ്ണു പരിശോധനയും വളപ്രയോഗ രീതികളെ കുറിച്ചു ഡോ. പി.എസ്.ബിന്ദുവും വീഡ് വൈപ്പറിന്റെ ഉപയോഗ രീതിയെ കുറിച്ചു ഡോ. ജോസി ബാസ്റ്റിനും ക്ലാസ് നയിച്ചു.