സ്കൂളിലെ അടുക്കളയിൽ തലയ്ക്ക് പരുക്കേറ്റ പാചകത്തൊഴിലാളി മരിച്ചു

Mail This Article
കുട്ടനാട് ∙ സ്കൂളിലെ അടുക്കളയിൽ തലയ്ക്കു പിന്നിൽ മുറിവും നേരിയ പൊള്ളലുമേറ്റ നിലയിൽ കണ്ടെത്തിയ പാചകത്തൊഴിലാളിയായ സ്ത്രീ മരിച്ചു. നീലംപേരൂർ പഞ്ചായത്ത് 10–ാം വാർഡിൽ കിഴക്കേ ചേന്നങ്കരി സെന്റ് ആന്റണീസ് എൽപി സ്കൂളിലെ താൽക്കാലിക പാചകത്തൊഴിലാളി കിഴക്കേ ചേന്നങ്കരി മാറുകാട് വീട്ടിൽ മേരിയമ്മ സെബാസ്റ്റ്യൻ ആണു (63) മരിച്ചത്. മേരിയമ്മയ്ക്ക് ഇയർ ബാലൻസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വസ്ത്രത്തിൽ തീ പിടിച്ചപ്പോൾ പെട്ടെന്നു ഭയന്നു മാറിയപ്പോൾ സ്ലാബിൽ തലയിടിച്ചു വീണതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. തലയ്ക്കു പിന്നിലേറ്റ മുറിവാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്കു 12.45നു ഭക്ഷണം കഴിക്കാൻ എത്തിയ കുട്ടികളും അധ്യാപകരുമാണു മേരിയമ്മയെ അവശ നിലയിൽ കണ്ടെത്തിയത്. തലമുടിയിലും വസ്ത്രത്തിലും ചെറുതായി തീ പടർന്നത്തിന്റെ ലക്ഷണമുണ്ടായിരുന്നു. കാലിൽ പൊള്ളലുമേറ്റിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയപ്പോൾ കണ്ണു തുറന്നതായി സ്കൂൾ അധികൃതർ പൊലീസിനു മൊഴി നൽകി. ഉടൻ കാവാലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നു കൈനടി പൊലീസ് പറഞ്ഞു.1995 മുതൽ സ്കൂളിൽ പാചകത്തൊഴിലാളിയാണു മേരിയമ്മ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം 13ന് 2നു കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ. മക്കൾ: പോൾ, ജൂലി. മരുമക്കൾ: ജിനി, മിതു സ്കറിയ.