മാവേലിക്കര ഗവ.ടിടിഐയുടെ മതിൽ അപകടാവസ്ഥയിൽ; നവീകരിക്കാൻ നടപടിയില്ല

Mail This Article
മാവേലിക്കര ∙ ബുദ്ധ ജംക്‌ഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള മാവേലിക്കര ഗവ.ടിടിഐയുടെ മതിൽ അപകട ഭീഷണിയിൽ. മതിലിനോടു ചേർന്നു സ്കൂൾ വളപ്പിൽ മരം നിൽക്കുന്ന ഭാഗത്തു മതിൽ ഫൗണ്ടേഷൻ ഉൾപ്പെടെ തകർന്നിരിക്കുകയാണ്. ഏതു സമയത്തും മതിൽ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. പ്രദേശത്തെ മറ്റു ചില സ്കൂളുകളുടെ മതിൽ പുനർനിർമിച്ചെങ്കിലും ഗവ.ടിടിഐയുടെ മതിൽ പുനർനിർമാണം മാത്രം നടന്നില്ല.
പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മതിലിൽ ചായംപൂശി ചിത്രങ്ങളും മുദ്രാവാക്യവും എഴുതിയെങ്കിലും മതിൽ തകർന്ന ഭാഗം പോലും നവീകരിക്കാൻ അധികൃതർ തയാറായില്ല എന്ന ആക്ഷേപം ശക്തമാണ്. സ്കൂളിന്റെ കിഴക്കുവശത്തെ കെട്ടിടത്തിന്റെയും മതിൽ അപകടഭീഷണിയിലാണ്. ബുദ്ധ ജംക്‌ഷൻ – റെയിൽവേ സ്റ്റേഷൻ റോഡരികിൽ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തും സ്കൂൾ മതിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്