പൂങ്കാവ് പള്ളിയുടെ കൈക്കാരനായി സുജ അനിൽ; പദവിയിൽ വനിത ഇടവകയുടെ ചരിത്രത്തിൽ ആദ്യം

Mail This Article
കലവൂർ ∙ വനിതാ നേതൃത്വത്തിനു പുതിയ മാതൃക സൃഷ്ടിച്ച് ഇനി പൂങ്കാവ് പള്ളിയുടെ കൈക്കാരനായി സുജ അനിലും. കൊച്ചി രൂപതയുടെ പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻസ് പള്ളിയുടെ പുതിയ കൈക്കാരനായാണ് സുജ അനിൽ വചനം സാക്ഷിയായി ചുമതലയേറ്റത്. 1860ൽ സ്ഥാപിച്ച ഇടവകയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിത കൈക്കാരൻ പദവിയിൽ എത്തുന്നത്. രൂപതയിലും വനിതാ കൈക്കാരൻ അപൂർവതയാണ്.
പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകൾ നോക്കി നടത്തുന്നതിന് ഇടവക വികാരിയെ സഹായിക്കുകയെന്നതാണു ചുമതല. നിലവിൽ പള്ളിയിൽ 3 കൈക്കാരന്മാരാണുള്ളത്. പൂങ്കാവ് വടക്കൻപറമ്പ് വീട്ടിൽ കെ.എസ്.അനിലിന്റെ ഭാര്യ സുജ(39) കെഎൽസിഎ സെക്രട്ടറിയും പൊതുപ്രവർത്തകയുമാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാർഡ് മുൻ പഞ്ചായത്ത് അംഗമായ സുജ സോഷ്യോളജി ബിരുദധാരിയുമാണ്.
പള്ളിയിൽ കൈക്കാരന്റെ ഒഴിവ് വന്നപ്പോൾ ഇടവക പ്രവർത്തനങ്ങളിൽ സജീവമായ സുജയുടെ പേര് വികാരി സേവ്യർ ചിറമേൽ നിർദേശിച്ചപ്പോൾ ഇടവകാംഗങ്ങൾ പിന്തുണയ്ക്കുകയായിരുന്നു. കാലത്തിന് അനുസൃതമായ മാറ്റത്തിനു തുടക്കമാകട്ടെയെന്നു കരുതിയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചതെന്ന് ഫാ.സേവ്യർ ചിറമേൽ പറഞ്ഞു. പരമ്പരാഗതമായി കൈക്കാരന്മാർ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഔദ്യോഗികമായി ട്രസ്റ്റി എന്നും പേരുണ്ട്.