ആലപ്പുഴ ഗവ.ഡെന്റൽ കോളജ് 10 വർഷത്തിന് ശേഷം സ്വന്തം കെട്ടിടത്തിലേക്ക്

Mail This Article
അമ്പലപ്പുഴ ∙ ഗവ.ഡെന്റൽ കോളജ് 10 വർഷത്തിനു ശേഷം മെഡിക്കൽ കോളജ് വളപ്പിലെ സ്വന്തം കെട്ടിടത്തിലേക്കു മാറുന്നു. നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ അടുത്ത മാസം ക്ലാസുകൾ തുടങ്ങാനാണ് കോളജ് അധികാരികൾ ആലോചിക്കുന്നത്. ഉപകരണങ്ങൾ പുതിയ കെട്ടിടത്തിലേക്കു മാറ്റിത്തുടങ്ങി. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതിനാൽ കോളജിന്റെ അംഗീകാരം ഇന്ത്യൻ ഡെന്റൽ കൗൺസിൽ 5 തവണ താൽക്കാലികമായി റദ്ദു ചെയ്തിരുന്നു. കെട്ടിട നിർമാണം പുരോഗമിക്കുന്നതായി ചൂണ്ടിക്കാട്ടി താൽക്കാലിക അംഗീകാരം നേടിയെടുത്താണ് കോളജ് പ്രവർത്തിച്ചിരുന്നത്. 2015 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയാണ് കോളജിന്റെ ഉദ്ഘാടനം നടത്തിയത്.
മെഡിക്കൽ കോളജിന് പിന്നിലെ താൽക്കാലിക കെട്ടിടത്തിൽ കോളജ് പ്രവർത്തനം തുടങ്ങി. 50 സീറ്റിലാണ് പ്രവേശനം.കെട്ടിട നിർമാണത്തിന് 54 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചെങ്കിലും യൂണിയൻ തൊഴിലാളികളുടെ തർക്കത്തെ തുടർന്ന് 2018യിലാണ് നിർമാണം തുടങ്ങിയത്. ഒന്നാം ഘട്ടം പൂർത്തിയാക്കി ആദ്യ ഏജൻസി പോയ ശേഷം രണ്ടാമത്തെ ഏജൻസിയാണ് നിർമാണം പൂർത്തിയാക്കാൻ പോകുന്നത്. 5 ഏക്കറിലാണ് കെട്ടിടം യാഥാർഥ്യമാകുന്നത്.
7 ക്ലാസ് മുറികൾ, 9 ക്ലിനിക്കുകൾ, 100 പേർക്ക് പരീക്ഷ എഴുതാൻ കഴിയുന്ന വിശാലമായ ഹാൾ, 500 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം, പ്രിൻസിപ്പലിനു പുറമേ അധ്യാപകർ, ജീവനക്കാർ എന്നിവർക്കു പ്രത്യേകം മുറികൾ, നഴ്സസ് മുറികൾ എന്നിവ കെട്ടിടത്തിലുണ്ട്. ഹോസ്റ്റലുകളും ക്വാർട്ടേഴ്സുകളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.