തട്ടാരമ്പലത്ത് സിഗ്നൽലൈറ്റ് ഇല്ല; അപകടം പതിവായി

Mail This Article
മാവേലിക്കര ∙ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി റൗണ്ട് എബൗട്ട് ഒരുക്കി. അപ്പോഴേക്കും സിഗ്നൽ വിളക്ക് മിഴിയടച്ചു. തട്ടാരമ്പലം ജംക്‌ഷനിൽ അപകടങ്ങൾ വർധിക്കുന്നു. കായംകുളം, മാവേലിക്കര, ഹരിപ്പാട്, മാന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനാണു തട്ടാരമ്പലം. വാഹനങ്ങൾ അലക്ഷ്യമായി കടന്നു പോകുന്നതിനാൽ അപകടങ്ങൾ സ്ഥിരമായ ജംക്‌ഷനിൽ പരിഹാരം എന്ന നിലയിലാണു സിഗ്നൽ വിളക്ക് സ്ഥാപിച്ചത്. എന്നാൽ 6 മാസത്തിലേറെയായി സിഗ്നൽ വിളക്ക് പ്രവർത്തിക്കുന്നില്ല.
തട്ടാരമ്പലം–പന്തളം റോഡ് കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ (കെഎസ്ടിപി) നവീകരിക്കുന്നതിന്റെ ഭാഗമായാണു തട്ടാരമ്പലം, കൊച്ചാലുംമൂട് ജംക്‌ഷനുകളിൽ റൗണ്ട് എബൗട്ട് ഒരുക്കിയത്. ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരമായി ഏർപ്പെടുത്തിയ റൗണ്ട് എബൗട്ട് സംവിധാനം ഏറെ ഫലപ്രദമാണെന്നു ബോധ്യപ്പെട്ടെങ്കിലും സിഗ്നൽ വിളക്ക് പ്രകാശിക്കാത്തതിനാൽ ഏതു ദിശയിൽ നിന്നുള്ള വാഹനം എപ്പോൾ എവിടേക്കു പ്രവേശിക്കുമെന്നു കൃത്യത ഇല്ല. അതിനാൽ ജംക്‌ഷനിൽ അപകടം പതിവാണ്. റൗണ്ട് എബൗട്ട് സ്ഥാപിച്ച ശേഷം മാത്രം ജംക്‌ഷനിലുണ്ടായ ഉണ്ടായ അപകടങ്ങളിൽ പലരും മരിച്ചിട്ടുണ്ട്. സിഗ്നൽ വിളക്ക് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം..