നെല്ലുസംഭരണം നടക്കുന്നില്ല; കർഷകർ ദുരിതത്തിൽ

Mail This Article
കുട്ടനാട് ∙ നെല്ല് സംഭരണം സമയബന്ധിതമായി നടക്കാതെ വന്നതോടെ കർഷകർ ദുരിതത്തിൽ. നെടുമുടി കൃഷിഭവനു കീഴിലുള്ള മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ കർഷകരാണു വിളവെടുത്ത നെല്ലുമായി കഴിഞ്ഞ 10 ദിവസമായി കാത്തുകിടക്കന്നത്. മടവീഴ്ച മൂലം തുടർച്ചയായി രണ്ടാം കൃഷി ചെയ്യാൻ സാധിക്കാതെ പോയ പാടശേഖരത്തിലെ കർഷകർ ഇത്തവണ നേരത്തേ വിളവിറക്കി പുഞ്ചക്കൃഷി കൊയ്തെടുത്തു. എന്നാൽ ഈർപ്പത്തിന്റെയും കറവലിന്റെയും പേരുപറഞ്ഞു മില്ലുകാർ നെല്ല് എടുക്കാൻ തയാറാവുന്നില്ല. കർഷകർ പാഡി ഓഫിസറെയും കൃഷി ഓഫിസറെയും ബന്ധപ്പെട്ടിട്ടും നെല്ല് ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞദിവസം ചെയ്ത മഴ കർഷകരുടെ നെഞ്ചിടിപ്പു കൂട്ടുന്നു.
കഴിഞ്ഞദിവസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ നെല്ലിന്റെ ഗുണമേന്മക്കുറവിന് ആറര കിലോ നെല്ല് കിഴിവും കൂടാതെ ഈർപ്പത്തിന് ആനുപാതികമായുള്ള കിഴിവും വേണമെന്നാണ് ആവശ്യപ്പെട്ടത്. യഥാസമയം നദികളിലെ വെള്ളത്തിന്റെ ലവണാംശം പരിശോധിച്ചു കൃഷിവകുപ്പു മുന്നറിയിപ്പു നൽകാതിരുന്നതു നെല്ലിനു കറവൽ വരാനുള്ള ഒരു കാരണമാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്കു വില നൽകേണ്ടി വരുന്നതു തങ്ങളാണെന്നു കർഷകർ ആരോപിച്ചു. പാടത്തും പറമ്പിലും കൂട്ടി ഇട്ടിരിക്കുന്ന നെല്ല് കേടാകാതിരിക്കാൻ നിത്യവും തുറന്നു സൂര്യപ്രകാശത്തിൽ ചൂടു കൊടുത്താണു സംരക്ഷിക്കുന്നത്. അടുത്ത രണ്ടാം കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണെന്നും കർഷകർ പറയുന്നു.