കിണറുകളിൽ ഇരുമ്പിന്റെ അംശവും അമ്ലതയുമുള്ള വെള്ളം; പൊതുജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയും രാസമാലിന്യങ്ങളും

Mail This Article
‘‘ മഞ്ഞനിറമുള്ള പുളിവെള്ളമാണ് കിണറ്റിൽ; കുടിക്കാനും കുളിക്കാനും പറ്റില്ല. പശുവിനെ കുളിപ്പിക്കാനാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. പശുവിനു കുടിക്കാനുള്ള വെള്ളമുൾപ്പെടെ വില കൊടുത്തു വാങ്ങണം’’–വീട്ടുമുറ്റത്തെ കിണറിനരികിൽ നിന്നു നീലമ്പേരൂർ പഞ്ചായത്തിലെ തെക്കീര നന്ദൂഭവനത്തിൽ രാധയും ഉത്തമനും പറഞ്ഞു. 20 വർഷം മുൻപുവരെ ഈ പ്രദേശത്ത് പൈപ്പ് ലൈൻ ഉണ്ടായിരുന്നു. പിന്നെ ഇപ്പോൾ വിലയ്ക്കു വാങ്ങുന്ന വെള്ളം മാത്രമാണ് ആശ്രയം. കിണറുകളിലെല്ലാം മഞ്ഞ നിറത്തിലുള്ള വെള്ളം.
കിണറുണ്ടായിട്ടും വെള്ളം വിലയ്ക്കു വാങ്ങേണ്ടി വരുന്ന ദുരവസ്ഥയാണ് വെളിയനാട് പഞ്ചായത്തിലെ കുമരങ്കരിയിലെ തെക്കേടം മോൻസി മാത്യുവും പറയുന്നത്. കിണറ്റിലെ വെള്ളം അലക്കാനും പാത്രം കഴുകാനും പോലും പറ്റില്ല. ഇതു വാട്ടർ ഫിൽറ്റർ ഉപയോഗിച്ചു ശുദ്ധിയാക്കി ശുചിമുറിയിൽ ഉപയോഗിക്കും. മറ്റാവശ്യങ്ങൾക്കുള്ള വെള്ളം വിലകൊടുത്തു വാങ്ങും. കൃഷിക്കായി സമീപത്തെ നെൽപ്പാടങ്ങളിലെ വെള്ളം വറ്റിക്കുമ്പോൾ കിണറ്റിലെ വെള്ളവും വറ്റും. അപ്പോൾ ശുചിമുറി ആവശ്യത്തിനുള്ള വെള്ളവും വില കൊടുത്തു വാങ്ങേണ്ടിവരും. –മോൻസി പറഞ്ഞു. നീലമ്പേരൂരും വെളിയനാട്ടും മാത്രമല്ല, കുട്ടനാട്ടിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കിണറും കുളവും കുഴിച്ചാൽ കിട്ടുന്നത് കടുംമഞ്ഞ നിറത്തിലുള്ള പുളിരസമുള്ള വെള്ളമാണ്.

എന്തുകൊണ്ട് വെള്ളമിങ്ങനെ
കുട്ടനാട്ടിലെ ഭൂഗർഭജലത്തിൽ ഇരുമ്പിന്റെ അംശവും അമ്ലതയും കൂടുതലാണെന്ന് കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) പലവട്ടം നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഇതാണ് കിണറ്റിലെ വെള്ളത്തിന്റെ കടുത്ത മഞ്ഞനിറത്തിനും പുളിപ്പിനും കാരണം. മണ്ണിന്റെ പ്രത്യേകത മൂലമാണ് ഇത് സംഭവിക്കുന്നതെന്നു പഠനങ്ങൾക്കു നേതൃത്വം നൽകിയ സിഡബ്ല്യുആർഡിഎം പരിസ്ഥിതി പഠനവിഭാഗം മുൻ മേധാവി ഡോ. പി.എസ്.ഹരികുമാർ പറയുന്നു. പാടശേഖരങ്ങളിലെ മണ്ണിൽ സാധാരണയായി ഇരുമ്പിന്റെ അംശവും അമ്ലതയും കൂടുതലായിരിക്കും. കുട്ടനാട്ടിലെ മണ്ണിൽ ഇവയുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇതാണു കിണറുകളിലെ വെള്ളത്തിലേക്കും പടരുന്നത്. അമ്ലത കൂടുന്നതോടെ വെള്ളത്തിന്റെ പിഎച്ച് മൂല്യം കുറയും. ഈ വെള്ളം കുടിക്കുന്നതും പാചകത്തിന് ഉപയോഗിക്കുന്നതും ദഹനപ്രക്രിയയെ ബാധിക്കുമെന്നും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഡോ.ഹരികുമാർ പറയുന്നു.

പൊതുജലാശയങ്ങളിൽ രാസമാലിന്യം
കുട്ടനാട്ടിലെ കായലും ആറുകളും തോടുകളും ഉൾപ്പെടുന്ന പൊതുജലാശയങ്ങളിൽ രാസമാലിന്യങ്ങളുടെയും കോളിഫോം ബാക്ടീരിയയുടെയും അളവ് അപകടകരമായ രീതിയിൽ വർധിച്ചിട്ടുണ്ടെന്ന് സമീപകാല പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. നെൽക്കൃഷിക്ക് ഉപയോഗിക്കുന്ന കളനാശിനികളും വളങ്ങളുമാണു ജലാശയങ്ങളിലെ രാസമാലിന്യ സാന്നിധ്യത്തിനു കാരണമെന്ന് രാജ്യാന്തര കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി. പത്മകുമാർ പറയുന്നു. ഇതിനു പുറമേ കളനാശിനികളുടെ അമിതമായ ഉപയോഗം മൂലം കാഡ്മിയം, ക്രോമിയം, അലുമിനിയം പോലുള്ള ഘനലോഹങ്ങൾ മണ്ണിലും അതുവഴി വെള്ളത്തിലും കലരും. അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമാണം മൂലം മഴക്കാലത്ത് ശുചിമുറി മാലിന്യം വെള്ളത്തിൽ കലരുന്നതാണ് ഇ കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകൾ വെള്ളത്തിൽ ഉണ്ടാകാൻ കാരണം. ഈ കാലത്തും ആറ്റിലെയും തോട്ടിലെയും വെള്ളം കുടിക്കേണ്ടിവരുന്നു എന്നത് ദയനീയമായ കാര്യമാണെന്നും ഡോ.കെ.ജി.പത്മകുമാർ പറഞ്ഞു. പരിഷ്കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന നമ്മൾ തലതാഴ്ത്തേണ്ടിവരുന്ന അവസ്ഥയാണിത്.
നോക്കുകുത്തിയായി കിയോസ്കുകൾ
നീലംപേരൂർ പഞ്ചായത്തിലൂടെ യാത്ര ചെയ്യുമ്പോൾ വഴിയോരത്ത് കാടുപിടിച്ച വലിയ വാട്ടർ ടാങ്കുകൾ കാണാം. ശുദ്ധജല വിതരണത്തിനായി പഞ്ചായത്ത് സ്ഥാപിച്ച 2000 ലീറ്റർ വാട്ടർ കിയോസ്കുകൾ. ടാങ്കറിൽ വെള്ളം കൊണ്ടുവന്നായിരുന്നു ടാങ്കുകൾ നിറച്ചിരുന്നത്. എന്നാൽ ഇതുമുടങ്ങിയിട്ട് 8 വർഷമായെന്നു നാട്ടുകാർ പറയുന്നു. ഉപയോഗിക്കാതെ ടാങ്കുകൾ കാടുകയറി.കുട്ടനാട്ടിൽ ശുദ്ധജലവിതരണമെന്നാൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ടാങ്കറിൽ വെള്ളമെത്തിച്ചു വിൽപന നടത്തുന്ന പരിപാടിയാണ്. പല ഘട്ടങ്ങളിലായി സർക്കാർ പ്രഖ്യാപിച്ച ശുദ്ധജല വിതരണ പദ്ധതികൾ ഇപ്പോഴും പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നു. അതെക്കുറിച്ച് നാളെ...
കിണർ നിറയ്ക്കാൻ പാടത്തെ വെള്ളം
‘‘കുടിക്കാൻ കൊള്ളില്ലെങ്കിലും കിണറ്റിൽ അൽപം വെള്ളമുണ്ടായിരുന്നു. പശുക്കളെ കുളിപ്പിക്കാനും മറ്റും ആ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വേനൽ തുടങ്ങിയതോടെ അതും വറ്റിത്തുടങ്ങി’’– നെൽപ്പാടത്തെ വെള്ളം മോട്ടർ വച്ച് പുരയിടത്തിലെ കിണറിനു ചുറ്റും പമ്പ് പമ്പ് ചെയ്യുന്നതിനിടെ തെക്കീര കിഴക്കേകോണിൽ ജോസഫ് വർഗീസ് പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ കിണറ്റിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് ജോസഫ് പറയുന്നു. പക്ഷേ, ദിവസം നാലും അഞ്ചും വട്ടം മോട്ടർ പ്രവർത്തിക്കുമ്പോൾ വൈദ്യുതി ബിൽ ഇരട്ടിയിലേറെയാകും. കുടിക്കാനുള്ള വെള്ളം വിലകൊടുത്തു വാങ്ങുകയും വേണം.