വളർത്തുനായയുടെ ആക്രമണം: അയൽവാസിക്കെതിരെ കേസെടുത്തു

Mail This Article
മാന്നാർ ∙ വീട്ടമ്മയ്ക്ക് വളർത്തുനായയുടെ കടിയേറ്റ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മാന്നാർ പഞ്ചായത്ത് 11-ാം വാർഡിൽ മെച്ചാട്ടു വടക്കേതിൽ സുഭാഷിന്റെ ഭാര്യ ഷൈമ സുഭാഷിനാണ് (50) കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ കുട്ടംപേരൂർ കണീക്കര കിഴക്കേതിൽ ശാന്തയ്ക്കെതിരെ മാന്നാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നായയുടെ ആക്രമണത്തിൽ ഷൈമയുടെ വലതുകൈയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. അവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈമയെ കടിച്ച നായയ്ക്ക് ലൈസൻസ് എടുത്തിട്ടുണ്ടോയെന്ന് മാന്നാർ പഞ്ചായത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ തന്നെ ആക്രമിച്ച ഷൈമയെ തന്റെ വളർത്തുനായ കടിക്കുകയായിരുന്നെന്നും വീട് കയറി ആക്രമിച്ച ഷൈമയ്ക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി ശാന്തയും മാന്നാർ പൊലീസിൽ പരാതി നൽകി.