സമരം കഴിഞ്ഞിട്ട് മാസങ്ങൾ; ബാരിക്കേഡുകൾ റോഡിൽ തന്നെ

Mail This Article
ചെങ്ങന്നൂർ ∙ മന്ത്രിയുടെ ഓഫിസിലേക്കു പ്രതിപക്ഷ സംഘടനകളുടെ മാർച്ച് തടയാൻ കൊണ്ടുവന്ന പൊലീസ് ബാരിക്കേഡ് യാത്രക്കാർക്കു പാരയാകുന്നു. മൂന്നു മാസം മുൻപ് മന്ത്രിയുടെ ഓഫിസിലേക്കു വിവിധ സംഘടനകൾ നടത്തിയ മാർച്ചിനെ പ്രതിരോധിക്കാനാണ് മാർക്കറ്റ്–നന്ദാവനം റോഡിലും ടെംപിൾ റോഡിലും ബാരിക്കേഡുകൾ കൊണ്ടുവന്നത്. പ്രതിഷേധ മാർച്ചുകൾ നടന്നിരുന്നു. എന്നാൽ സമരത്തിന്റെ ചൂടാറിയിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ബാരിക്കേഡുകൾ റോഡിൽ തന്നെയാണ്. സ്വതവേ വീതി കുറഞ്ഞ റോഡുകളിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വഴിമുടക്കിയാകുകയാണു ബാരിക്കേഡ്.
ബാരിക്കേഡിലെ മുള്ളുകമ്പികളിൽ ഉടക്കി പലരുടെയും വസ്ത്രങ്ങൾ കീറി. പലർക്കും കയ്യിൽ മുറിവേൽക്കുകയും ചെയ്തു. വീതി കുറഞ്ഞ റോഡിൽ സിഗ്നൽ കാത്തു വാഹനങ്ങൾ നിരന്നു കിടക്കുമ്പോൾ ഇതിനിടയിലൂടെ നടന്നുപോകുന്നവരാണ് ഇതിന് ഇരകളേറെയും. ബാരിക്കേഡിൽ ഉരഞ്ഞ് വാഹനങ്ങളുടെ പെയിന്റ് പോയ സംഭവങ്ങളുമുണ്ടായി. രാത്രി റോഡരികു ചേർന്നെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. വെളിച്ചം കുറവായതിനാൽ ഇവ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. പൊലീസ് സ്റ്റേഷനു സമീപത്തേക്കോ മറ്റെവിടേക്കെങ്കിലുമോ ബാരിക്കേഡുകൾ നീക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.