അവഗണനയിൽ വലഞ്ഞ് തൈക്കാട്ടുശേരി പാർക്ക്

Mail This Article
തുറവൂർ ∙ തൈക്കാട്ടുശേരി –തുറവൂർ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിൽ കോടികൾ ചെലവഴിച്ച് നിർമിച്ച പാർക്ക് സംരക്ഷണമില്ലാതെ നശിക്കുന്നു. പാർക്കിലെ പുൽത്തകിടി ഉൾപ്പെടെ കരിഞ്ഞുണങ്ങി. നിർദിഷ്ട തുറവൂർ– പമ്പാ പാതയിൽ തുറവൂർ തൈക്കാട്ടുശേരി റോഡിൽ തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറക്കരയിലാണു പാർക്ക് സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കു മുൻപ് 2.5 കോടി ചെലവഴിച്ചാണ് പാർക്ക് നിർമിച്ചത്.പാർക്കിന്റെ മേൽനോട്ടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്.
എന്നാൽ പാർക്ക് തുറന്ന് കൊടുത്തതിന് ശേഷം അധികൃതരുടെ ഭാഗത്ത് നിന്നു യാതൊരുവിധ സംരക്ഷണവുമില്ലാതെ നശിക്കുകയാണ്. പാർക്കിനോട് ചേർന്നുള്ള കായലിൽ വൻതോതിൽ മാലിന്യം തള്ളുകയാണ്. ഇത് പാർക്കിലെത്തുവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പാർക്കിൽ നടക്കാൻ എത്തുന്നവർ പിരിവിട്ടാണു കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ ഉൾപ്പെടെ സംവിധാനമുണ്ടാക്കിയത്. പാർക്കിന്റെ സംരക്ഷണത്തിനായി അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം.പാർക്കിലെത്തുന്നവർക്ക് ശുചിമുറി സൗകര്യം ഉപയോഗപ്പെടുത്താനുള്ള ക്രമീകരണം നടത്തണമെന്നും ആവശ്യമുണ്ട്.