കർഷകർക്ക് നഷ്‌ടപരിഹാരം വാങ്ങിക്കൊടുത്തതിനു പണം ആവശ്യപ്പെട്ടു: പ്രതി അറസ്റ്റിൽ

Mail This Article
ആലപ്പുഴ∙ പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കിയതിനു (കള്ളിങ്) കർഷകർക്ക് നഷ്‌ടപരിഹാരം വാങ്ങിക്കൊടുത്തതിനു പ്രത്യുപകാരമായി ഗൂഗിൾ പേ വഴി 2000 രൂപ നൽകാൻ സംസ്‌ഥാന മൃഗസംരക്ഷണ ഓഫിസറുടെ പേരിൽ ആൾമാറാട്ടം നടത്തിയ കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു(31) അറസ്റ്റിൽ. കൂട്ടുപ്രതി കോട്ടയം കുറിച്ചി സ്വദേശിക്കു വേണ്ടി തിരച്ചിൽ തുടങ്ങി. ചേർത്തല വെട്ടക്കൽ സ്വദേശിയായ കോഴി, കാട കർഷകനിൽനിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. കർഷകനുമായി മൊബൈൽ വഴി ബന്ധപ്പെട്ട റെന്നി മാത്യു സംസ്‌ഥാന മൃഗസംരക്ഷണ ഓഫിസറാണെന്നും പരിചയപ്പെടുത്തി. കള്ളിങ് നടത്തിയതിന് നഷ്ടപരിഹാരമായി 186000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസിലെ എന്റെ ജീവനക്കാരും കഠിനമായി അധ്വാനിച്ചെന്നും അതിനു അവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഗൂഗിൾ പേ വഴി പണം നൽകണമെന്നും ആവശ്യപ്പെട്ടു.
പണം അയയ്ക്കാനുള്ള ഗൂഗിൾ പേ നമ്പറും അയച്ചുകൊടുത്തു. പന്തികേടു തോന്നിയ കർഷകൻ മൊബൈലിൽ സംസാരിച്ചതിന്റെ റെക്കോർഡ് സഹിതം കടക്കരപ്പള്ളി വെറ്ററിനറി സർജൻ ഡോ.അനുരാജിന് നൽകി. അനുരാജിന്റെ റിപ്പോർട്ട് വാങ്ങിയ ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ മൊഴി രേഖപ്പെടുത്തിയ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്. ചങ്ങനാശേരി സ്വദേശിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചായിരുന്നു പ്രതി കർഷകനുമായി ബന്ധപ്പെട്ടത്. പ്രതി അയച്ചുകൊടുത്ത ഗൂഗിൾ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ളത് കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് ആണെന്നും കണ്ടെത്തി. തുടർന്നാണ് റെന്നി മാത്യുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കിൽ നിന്നു കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും പിടിച്ചെടുത്തു.
പ്രതികൾ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ വരുന്ന പണം ഇവർ പെട്രോൾ പമ്പുകളിൽ ഗൂഗിൾ പേ ചെയ്‌തും കടകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്തും കയ്യിൽ വാങ്ങി ഉപയോഗിക്കുകയായിരുന്നു. ഔദ്യോഗിക പദവികൾ ഉപയോഗിച്ചും കാൻസർ ചികിത്സയ്ക്കെന്നു പറഞ്ഞും പലരെയും ഫോൺ വിളിച്ചും, തട്ടിപ്പ് നടത്തിയും ഗൂഗിൾ പേയിലൂടെ പണം വാങ്ങിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ അഭിഭാഷകന്റെ ക്ലാർക്ക് ആണെന്നു പറഞ്ഞും ആൾമാറാട്ടം നടത്തി പണം തട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പ്രതികളിൽ ഒരാൾക്കെതിരെ കേസുണ്ട്. ഡിസിആർബി ഡിവൈഎസ്‌പി കെ.എൽ.സജിമോന്റെ നിർദേശ പ്രകാരം സൈബർ ക്രൈം എസ്എച്ച്ഒ ഏലിയാസ് പി.ജോർജ്, എസ്ഐമാരായ ആർ.പദരാജ്, വി.എസ്.ശരത്‌ചന്ദ്രൻ, സിപിഒമാരായ എസ്.ആർ.ഗിരീഷ്, കെ.യു.ആരതി എന്നിവരും അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു.