എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; വാങ്ങാനെത്തിയ യുവാക്കളെയും കസ്റ്റഡിയിലെടുത്തു

Mail This Article
ആലപ്പുഴ ∙ വിൽപനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എറണാകുളത്തു നിന്നും എംഡിഎംഎയുമായി ബൈക്കിൽ എത്തിയ പുന്നപ്ര കുറുവൻതോട് പാക്കള്ളിൽ ചന്ദ്രജിത് (24)നെയാണ് ബുധനാഴ്ച പുലർച്ചെ 3.15ന് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ വീടിനു സമീപത്തുനിന്നും അറസ്റ്റ് ചെയ്തത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായാണു പരിശോധന നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ പുലർച്ചെ തന്നെ ലഹരിമരുന്നു വാങ്ങാനായി യുവാക്കൾ സ്ഥലത്തെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വിട്ടയച്ചു.
എറണാകുളത്തു നിന്നും ബൈക്കിൽ എത്തിച്ച എംഡിഎംഎ ആലപ്പുഴയിൽ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്താൻ കൊണ്ടുവന്നതാണെന്ന് എക്സൈസ് അറിയിച്ചു. ലഹരിമരുന്നു കടത്താൻ ഉപയോഗിച്ച ഹോണ്ട യൂണികോൺ ബൈക്കും കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, വി.കെ.മനോജ്, പ്രിവന്റീവ് ഓഫിസർമാരായ വി.പി. ജോസ്, എച്ച്.മുസ്തഫ, ബി.എം.ബിയാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.സുബിൻ, കെ.ആർ.ജോബിൻ, വി.കെ. ജയകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.