പൊള്ളിക്കുന്ന ചൂടിനു പിന്നാലെ ആലപ്പുഴ ജില്ലയിൽ ചിലയിടങ്ങളിൽ നേരിയ മഴ; ഒന്നു തണുത്തു..

Mail This Article
ആലപ്പുഴ∙ പൊള്ളിക്കുന്ന ചൂടിനു പിന്നാലെ ആശ്വാസത്തിന്റെ കുളിർമഴയെത്തി. വലിയ മഴ ലഭിച്ചില്ലെങ്കിലും കനത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചസമയത്തു മഴ ചാറി നിന്നതും അന്തരീക്ഷം മേഘാവൃതമായയതും താപനില കുറയാൻ സഹായിച്ചു. മുൻ ദിവസങ്ങളിൽ 36 ഡിഗ്രിയും കടന്നു ജില്ലയിലെ താപനില ഉയർന്നിരുന്നെങ്കിൽ ഇന്നലെ പലയിടത്തും 30 ഡിഗ്രിയിൽ താഴെ മാത്രമായിരുന്നു ഉയർന്ന താപനില. ഇന്നുകൂടി ചെറിയ തോതിൽ മഴ തുടർന്നേക്കുമെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പിലെ കാലാവസ്ഥാ ഗവേഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. നാളെ മുതൽ വീണ്ടും ചൂട് കനക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
അൾട്രാ വയലറ്റും
തെളിഞ്ഞ അന്തരീക്ഷത്തിലൂടെ കൂടുതൽ അൾട്രാ വയലറ്റ് (യുവി) രശ്മികൾ ഭൂമിയിലേക്കു പതിക്കാനിടയാകും. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് എല്ലാ ജില്ലകളിലും യുവി മീറ്റർ സ്ഥാപിച്ചു റീഡിങ് രേഖപ്പെടുത്തിയപ്പോഴാണ് അപകടകരമായ രീതിയിൽ യുവി രശ്മികൾ പതിക്കുന്നത് തിരിച്ചറിഞ്ഞത്. ജില്ലയിൽ ചെങ്ങന്നൂരിലാണു യുവി മീറ്റർ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ 8–9 യുവി ഇൻഡക്സ് ആണു രേഖപ്പെടുത്തിയത്. യുവി ഇൻഡക്സ് 5നു മുകളിലേക്കു പോയാൽ അപകടകരമാണെന്നു ദുരന്ത നിവാരണ വകുപ്പ് പറയുന്നു.
രോഗങ്ങളും
യുവി സ്ഥിരമായി ശരീരത്തിൽ പതിക്കുന്നതു ത്വക് രോഗങ്ങൾ, സൂര്യാതപം, അകാല വാർധക്യം തുടങ്ങിയവയ്ക്കു കാരണമാകും. കണ്ണുകളിൽ തിമിരം ബാധിക്കുന്നതിനും യുവി ഇടയാക്കുമെന്നു ഗവേഷകർ പറയുന്നു. സാധാരണ വെയിലിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ യുവി സൃഷ്ടിക്കുമെന്നതിനാൽ രാവിലെ 10നും ഉച്ചയ്ക്ക് 3നും ഇടയിൽ വെയിലത്ത് ഇറങ്ങേണ്ടി വന്നാൽ കുട ഉപയോഗിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ദുരന്ത നിവാരണ വകുപ്പും ആരോഗ്യ വകുപ്പും പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വിദഗ്ധർ പറയുന്നു.
യുവി എന്നാൽ
വെയിലിന് ഒപ്പമെത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് അൾട്രാ വയലറ്റ്. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായു മണ്ഡലവും ജലതന്മാത്രകളും ഇവയെ തടയും. ശേഷിച്ചവയാണു ഭൂമിയിൽ പതിക്കുന്നത്. യുവി ശരീരത്തിൽ പതിക്കുന്നതു വൈറ്റമിൻ ഡി ലഭിക്കാൻ നല്ലതാണെങ്കിലും കൂടിയാൽ മാരകമാകും.