വിദ്യാർഥിനികൾക്കിടയിലെ അടി; കാഴ്ചപരിമിതിയുള്ള കുട്ടി പരുക്കേറ്റ് ആശുപത്രിയിൽ
Mail This Article
ആലപ്പുഴ∙ പത്താംക്ലാസ് വിദ്യാർഥിനികൾക്കിടയിലെ വഴക്കിനിടെ കാഴ്ചപരിമിതിയുള്ള പെൺകുട്ടിക്കു മർദനമേറ്റതായി പരാതി. സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ടു നടുവിനു മർദിച്ചതായാണു പെൺകുട്ടിയുടെ മൊഴി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിൽ ഇന്നലെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
നഗരത്തിലെ ഒരു സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയ്ക്കു ശേഷമായിരുന്നു സംഭവം. വിദ്യാർഥിനികൾ തമ്മിൽ നേരത്തേ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തന്നെ ക്ലാസ്മുറിയിലേക്കു വിളിച്ചു വരുത്തി, സഹപാഠികളെ പുറത്തു കാവൽ നിർത്തിയ ശേഷം മർദിച്ചെന്നാണു വിദ്യാർഥിനിയുടെ പരാതി. കൈമുട്ടു കൊണ്ടു പലതവണ മുതുകിൽ ഇടിച്ചെന്നും പരാതിയിലുണ്ട്.
അന്നു തന്നെ കുട്ടി ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചയോടെ ശ്വാസംമുട്ടലുണ്ടായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ നടുവിനു ക്ഷതമേറ്റെന്നു കണ്ടെത്തിയതിനെത്തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. രണ്ടു കുട്ടികളുടെയും രക്ഷാകർത്താക്കളെ നേരത്തേ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു എന്ന് എസ്എച്ച്ഒ കെ.ശ്രീജിത്ത് പറഞ്ഞു.
പരാതിയില്ലെന്നാണ് ഇവർ അറിയിച്ചത്. അതിൽ മാറ്റമുണ്ടെങ്കിൽ പരാതി വനിതാ സ്റ്റേഷനിലേക്കു കൈമാറുമെന്നും കേസെടുക്കുമെന്നും എസ്എച്ച്ഒ പറഞ്ഞു. മർദനമേറ്റതിനു പിന്നാലെ വിദ്യാർഥിനി അധ്യാപകനെ കണ്ടു പരാതിപ്പെട്ടിരുന്നെന്നും നടപടി എടുത്തില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
എന്നാൽ സംഭവസമയത്ത് ക്ലാസ് മുറിക്കു സമീപം അധ്യാപകർ ഉണ്ടായിരുന്നതിനാൽ വലിയ അതിക്രമം നടന്നിട്ടുണ്ടാകാൻ സാധ്യതയില്ലെന്നു സ്കൂൾ അധികൃതർ പറയുന്നു. പ്രശ്നം വഷളാകാതെ സംസാരിച്ച് ഒത്തുതീർക്കാമെന്നാണു കുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചത്. 5 പരീക്ഷകൾ കൂടി എഴുതാനുള്ള കുട്ടികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഒത്തുതീർപ്പിനു ശ്രമിച്ചത്. സംഭവം കേസിലേക്കു നീങ്ങുകയാണെങ്കിൽ സഹകരിക്കുമെന്നു പ്രധാനാധ്യാപിക പറഞ്ഞു.